അധ്യാപകരെ ബിഎൽഒമാരായി നിയമിച്ച സാഹചര്യത്തിൽ പഠനം മുടങ്ങാതിരിക്കാൻ സ്കൂളുകളിൽ പതിനായിരത്തിലേറെ താൽകാലിക അധ്യാപകരെ നിയമിക്കാൻ സർക്കാർ. അധ്യാപകരടക്കം വിവിധ സർക്കാർ ജീവനക്കാരെ തിരഞ്ഞെടുപ്പു കമ്മിഷൻ ബിഎൽഒമാരായി നിയമിച്ച സാഹചര്യത്തിലാണ് തീരുമാനം. ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എൻ.എസ്.കെ. ഉമേഷ് ഉത്തരവിറക്കി.
സംസ്ഥാനത്തെ എസ്ഐആർ പ്രവർത്തനങ്ങൾക്കായി സർക്കാർ സർവീസിലുള്ള 30000 പേരെയാണ് ബിഎൽഒമാരായി ചുമതലപ്പെടുത്തിയിട്ടുള്ളത്. നവംബർ നാല് മുതൽ ഡിസംബർ നാല് വരെയാണ് നിയമനമെങ്കിലും നീട്ടേണ്ടിവരുമെന്ന് കമ്മിഷൻ വ്യക്തമാക്കിയിരുന്നു.
സർക്കാർ സ്കൂളുകളിലെ അധ്യാപകരെ ബിഎൽഒമാരാക്കിയത് കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്ന് കാണിച്ച് കെഎസ്‌ടിഎ ജനറൽ സെക്രട്ടറി ടി.കെ.എ ഷാഫി മന്ത്രി വി. ശിവൻകുട്ടിക്ക് നൽകിയ കത്ത് പരിഗണിച്ചാണ് നടപടി. ബിഎൽഒമാരായി നിയോഗിക്കപ്പെട്ടവർക്ക് പകരമായി താൽകാലിക അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് കെപിഎസ്ടിഎ, കെപിപിഎച്ച്എ എന്നീ സംഘടനകളും നിവേദനം നൽകിയിരുന്നു. ബിഎൽഒമാരിൽ പതിനായിരത്തിലേറെപ്പേർ സർക്കാർ സ്‌കൂളുകളിലെ അധ്യാപകരാണ്. എൽപി മുതൽ ഹൈസ്കൂൾ വരെയുള്ളവരും ഹയർ സെക്കൻഡറിയിൽ ഗസറ്റഡ് അല്ലാത്ത അധ്യാപകരും ബിഎൽഒമാരായി നിയോഗിക്കപ്പെട്ടിട്ടുണ്ട്.







