സ്ക്കൂൾ മൈതാനത്ത് അപകടകരമാവിധം കാറോടിച്ച 16 കാരനെതിരെ നടപടിയുമായി എംവിഡി. പേരാമ്പ്ര കൂത്താളി വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാർഥികൾക്ക് നേരേ കാർ ഓടിച്ച് കയറ്റി സാഹസിക അഭ്യാസ പ്രകടനം നടത്തിയ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയ്ക്കെതിരെയാണ് നടപടി.
അന്വേഷണത്തിന് പിന്നാലെ പേരാമ്പ്ര ഇൻസ്പെക്ടർ പി. ജംഷീദിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കാർ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ വാഹനത്തിൻ്റെ ആർസി ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് ജോ. ആർടിഒ ടി.എം പ്രഗീഷ് വ്യക്തമാക്കി. ലൈസൻസില്ലാതെ വാഹനം ഓടിച്ച വിദ്യാർഥിക്ക് 25 വയസുവരെ ലൈസൻസ് നൽകരുതെന്ന ശുപാർശ ഗതാഗത കമ്മിഷണർക്ക് നൽകുമെന്നും എംവിഡി അറിയിച്ചു.
ആർസി ഉടമയും വിദ്യാർഥിയും പൊലീസ് സ്റ്റേഷനിലും ജോ. ആർടിഒ ഓഫീസിലും ഹാജരായി. വാഹന ഉടമയുടെ അടുത്ത ബന്ധുവാണ് വിദ്യാർഥിയെന്ന് പൊലീസ് പറഞ്ഞു. മനുഷ്യ ജീവന് അപായം ഉണ്ടാക്കുന്ന വിധത്തിൽ അശ്രദ്ധമായി വാഹനം ഓടിച്ചതിന് പൊലീസും കേസെടുത്തിട്ടുണ്ട്. ലൈസൻസില്ലാതെ വാഹനം ഓടിച്ചതിനും കേസെടുക്കും. ലൈസൻസില്ലാത്ത വിദ്യാർഥിക്ക് വാഹനം ഓടിക്കാൻ നൽകിയതിന് ആർസി ഉടമയ്ക്കെതിരേയും നിയമനടപടി സ്വീകരിക്കുമെന്ന് ഇൻസ്പെക്ടർ വ്യക്തമാക്കി.
ബുധനാഴ്ച രാവിലെ 10: 45 ഓടെയാണ് സ്‌കൂൾ മൈതാനത്ത് ഫുട്ബോൾ പരിശീലനം നടത്തുകയായിരുന്ന കുട്ടികൾക്കിടയിലൂടെ അപകടകരമായ രീതിയിൽ കാർ ഓടിച്ചത്. കുട്ടികൾ നിൽക്കുന്നതിനിടയിലേക്ക് കാർ പലതവണ അതിവേഗത്തിൽ ഓടിച്ച് കയറ്റുകയായിരുന്നു. വാഹനത്തിൻ്റെ വരവുകണ്ട് കുട്ടികൾ ഭീതിയോടെ മൈതാനത്ത് ചിതറിയോടുന്നതിൻ്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.







