തിരുവല്ലയിൽ നടുറോഡിൽ 19 കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന കേസിൽ പ്രതിക്ക് കുമ്പനാട് കരാലിൻ വീട്ടിൽ അജിൻ റെജി മാത്യുവിന് (24) ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട അയിരൂർ സ്വദേശിനി കവിത കൊല്ലപ്പെട്ട കേസിലാണ് പ്രതി അജിൻ റെജി മാത്യുവിനെ പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. നേരത്തെ പ്രതി കുറ്റക്കാരനാണെന്ന് അഡീഷണൽ ജില്ലാ കോടതി കണ്ടെത്തിയിരുന്നു. 2019 മാർച്ച് 12ന് തിരുവല്ലയിൽ വെച്ചാണ് ക്രൂര കൊലപാതകം നടന്നത്. സഹപാഠിയായിരുന്ന പെൺകുട്ടി പ്രണയബന്ധത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് അജിൻ അവരെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. വിധി പ്രസ്താവനത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥനെയും പ്രോസിക്യൂഷനെയും കോടതി അഭിനന്ദിച്ചു.
അഡിഷനൽ ജില്ലാ കോടതി -1 ആണ് വിധി പുറപ്പെടുവിച്ചത്. അജിൻ കുറ്റക്കാരനാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. അയിരൂർ ചരുവിൽ കിഴക്കേമുറിയിൽ വിജയകുമാറിൻ്റെ മകൾ കവിതയാണു കൊല്ലപ്പെട്ടത്. 2019 മാർച്ച് 12നു രാവിലെ 9.11നു ചിലങ്ക ജംക്ഷനിലെ റെയിൽവേ സ്‌റ്റേഷൻ റോഡിലായിരുന്നു സംഭവം. തിരുവല്ലയിലെ സ്വകാര്യ സ്‌ഥാപനത്തിലെ റേഡിയോളജി വിദ്യാർഥിനിയായിരുന്ന കവിതയെ പിന്തുടർന്നാണ് അജിൻ ആക്രമിച്ചത്. ഇരുവരും വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ സഹപാഠികളായിരുന്നു. പ്രണയാഭ്യർഥന നിരസിച്ചതിനാണ് ആക്രമണം നടത്തിയതെന്നാണു പ്രതി നൽകിയ മൊഴി. ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ കേസിലെ പ്രധാന തെളിവായി. കൊലപാതകം, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.







