പകൽ സമയങ്ങളിൽ വാടകക്കെടുത്ത കാറുകളിൽ കറങ്ങി മോഷണം നടത്തുന്ന കൊടുവള്ളി കിഴക്കോത്ത് സ്വദേശി മഖ്‌സൂസ് ഹാനൂക് (35)നെയാണ് ഡി.സി.പി അരുൺ കെ പവിത്രൻ്റെ കീഴിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും, ഇൻസ്പെക്ടർ ബൈജു.കെ.ജോസിൻ്റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളേജ് പോലീസും ചേർന്ന് പിടികൂടിയത്.
കഴിഞ്ഞ മാസം കോവൂരിലെ ഫ്ലാറ്റിൽ നിന്നും മടവൂർ സ്വദേശിയുടെ ലാപ്ടോപ്പും, ടാബും മോഷണം നടത്തിയ കേസിലാണ് പ്രതി അറസ്റ്റിലാവുന്നത്. സി.സി.ടി.വി പരിശോധിച്ചും, മറ്റു ശാസ്ത്രീയ അന്വേഷണത്തിലൂടെയും, കളവ് നടത്തിയത് മക്സൂസ് ഹാനൂക് ആണെന്ന് പോലീസിന് മനസ്സിലായിരുന്നു. എന്നാൽ മോഷ്ടിച്ച ലാപ്ടോപ്പും, ടാബും, അന്ന് തന്നെ കോഴിക്കോട് ടൗണിൽ വിൽപ്പന നടത്തി പ്രതി ചെന്നൈയിലേക്ക് കടക്കുകയായിരുന്നു. പോലീസ് തിരയുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതി ബാംഗ്ലൂരിലും ചെന്നൈയിലുമായി കഴിയുകയായിരുന്നു. മൂന്നു ദിവസങ്ങൾക്ക്മുമ്പ് ചെന്നൈയിൽ നിന്നും മഹീന്ദ്ര താർ കാർ വാടകക്കെടുത്ത് കേരളത്തിലെത്തി തമിഴ്നാട്ടിൽ നിന്നും കബളിപ്പിച്ച് കൈക്കലാക്കിയ ഫോണും, കൊപ്പം ഭാഗത്ത് നിന്നും വിലകൂടിയ ഐഫോണും, അതിഥി തൊഴിലാളിയുടെ മറ്റൊരു ഫോണും മോഷ്ടിച്ച് കോഴിക്കോട് വില്‌പന നടത്താൻ വരികയായിരുന്നു. കോഴിക്കോടെത്തിയെന്ന് സിറ്റി ക്രൈം സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് പിൻതുടർന്നാണ് ഇയാളെ പിടികൂടുന്നത്. ഇയാളിൽ നിന്നും ആറോളം ഫോണുകൾ കണ്ടെടുത്തു. ലാപും,ടാബും പോലീസ് വില്പന നടത്തിയ കടയിൽ നിന്നും വീണ്ടെടുക്കുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങും.
സെപ്തംബർ മാസം ഫാറോക് സ്റ്റേഷൻ പരിധിയിൽ നിന്നും ലാപ്ടോപ് മോഷ്ടിച്ച കേസിൽ ജയിലിലായിരുന്ന പ്രതി ജയിലിൽ നിന്നും ഇറങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ കളവ് നടത്തുകയായിരുന്നു. ഇയാൾക്കെതിരെ മുക്കം, കാക്കൂർ എന്നീ സ്റ്റേഷനുകളിൽ പോക്സോ കേസുകളും ഫറോക്, പന്നിയങ്കര എന്നീ സ്റ്റേഷനുകളിൽ കളവു കേസുകളുമുണ്ട്.
അന്വേഷണ സംഘത്തിൽ മെഡിക്കൽ കോളേജ് എസ്.ഐ ഷാജി, അസി.സബ് ഇൻസ്പെക്ടർ ഫിറോസ് പുൽപറമ്പിൽ, ക്രൈം സ്ക്വാഡ് അസി.സബ് ഇൻസ്പെകൾ ഹാദിൽ കുന്നുമ്മൽ, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ, രാകേഷ് ചൈതന്യം സൈബർ സെൽ എസ്.സി.പി.ഒ ലിനിത്ത് എന്നിവർ ഉണ്ടായിരുന്നു.







