കൊയിലാണ്ടി: മംഗളൂരില്‍ നിന്ന് യാത്ര തുടങ്ങുന്ന മാവേലി എക്‌സ്പ്രസ്സിലും മലബാര്‍ എക്‌സ്പ്രസ്സിലും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്ന തരത്തില്‍ മദ്യപാനികളുടെയും മോഷ്ടാക്കളുടെയും ശല്യമേറുന്നു. ഇത് തീവണ്ടികളില്‍ സുരക്ഷിത യാത്ര അസാധ്യമാക്കുകയാണ്. മാഹിയിലെത്തി മദ്യപിച്ച ശേഷം വണ്ടിയില്‍ കയറുന്ന ചില യാത്രക്കാരാണ് വണ്ടികളില്‍ ശല്യമാകുന്നത്. യാത്രക്കാരെ തെറി പറയുക, സ്ത്രീകളോട് അപമര്യാദയായി പെരുമാറുക എന്നിവയെല്ലാം സ്ഥിരം കാഴ്ച. മാവേലി എക്‌സ്പ്രസ്സില്‍ കയറി യാത്രക്കാരുമായി പ്രശ്‌നമുണ്ടാക്കിയ ഒരാളെ കഴിഞ്ഞ ദിവസം കൊയിലാണ്ടിയിലെത്തിയപ്പോള്‍ ടി ടി ആര്‍ പുറത്താക്കിയിരുന്നു. ഇത്തരം സാഹചര്യത്തില്‍ ടി ടി ആറിനെ സഹായിക്കാന്‍ പോലീസ് സാന്നിധ്യം പോലും ഉണ്ടാവാറില്ലെന്ന് ടിക്കറ്റ് പരിശോധകര്‍ പറയുന്നു.
മംഗളൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള രാത്രികാല വണ്ടികളായ മാവേലി എക്‌സ്പ്രസ്, മലബാര്‍ എക്‌സ്പ്രസ്, ചെന്നെയിലേക്കുളള ചെന്നൈ എക്‌സ്പ്രസ് തുടങ്ങിയ വണ്ടികളില്‍ ശല്യമുണ്ടാക്കുന്ന ഇത്തരക്കാരെ കൈകാര്യം ചെയ്യാന്‍ കുറ്റമറ്റ സംവിധാനം ഇല്ല. പൊതുവേ തിങ്ങി ഞെരുങ്ങിയാണ് മലബാര്‍ എക്‌സ്പ്രസ്സിലും മാവേലിയിലും ആളുകള്‍ യാത്ര ചെയ്യുന്നത്. ഇതിനിടയില്‍ കംപാര്‍ട്ട്‌മെന്റിന്റെ വാതില്‍ക്കല്‍ തന്നെ വിരി വിരിച്ചു കിടന്നുറങ്ങുന്നതും പതിവ് കാഴ്ച. തീവണ്ടിയിലെ ടോയ്‌ലറ്റിന്റെ വാതില്‍ക്കല്‍ പോലും ഇത്തരക്കാര്‍ കിടക്കും. യാത്രക്കാര്‍ക്ക് വണ്ടിയിലേക്ക് കയറാനോ ഇറങ്ങോനോ ഇതുമൂലം കഴിയില്ല.

വാതില്‍പ്പടിയിലും സീറ്റുകള്‍ക്കിടയിലും മറ്റ് യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിച്ചു കിടക്കുന്നത് തടയാന്‍ റെയില്‍വേ പോലീസോ, ആര്‍ പി എഫോ നടപടികളൊന്നും എടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ജനറല്‍ കംപാര്‍ട്ട്‌മെന്റിലാണ് ഇത്തരക്കാര്‍ മറ്റ് യാത്രക്കാര്‍ക്ക് ഏറെ പ്രയാസം ഉണ്ടാക്കുന്നത്. മാവേലി, മലബാര്‍ പോലുള്ള രാത്രികാല വണ്ടികളില്‍ മോഷണവും പതിവാണ്. മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യാനിട്ട ശേഷം പാതി മയക്കത്തിലാവുന്നവരുടെ ഫോണുകളും പണവും കവരുന്നവര്‍ ഇത്തരം വണ്ടികളില്‍ സ്ഥിരമായുണ്ട്. സ്ഥിരം മോഷ്ടാക്കളെ പറ്റി റെയില്‍വേ പോലീസിന് അറിവുണ്ടെങ്കിലും ഇത്തരക്കാരെ നിരീക്ഷിക്കാനോ മോഷണം തടയാനോ നടപടിയൊന്നുമില്ല.
രാത്രികാല വണ്ടികളില്‍ മോഷ്ടാക്കള്‍, പിടിച്ചു പറിക്കാര്‍, യാചകര്‍, മദ്യപാനികള്‍ എന്നിവര്‍ കാരണം യാത്രക്കാരുടെ ഭാഗത്ത് നിന്ന് സ്ഥിരം പരാതി ഉയരുമെങ്കിലും ടിക്കറ്റ് പരിശോധകര്‍ക്കും ഇക്കാര്യത്തില്‍ നടപടി എടുക്കാന്‍ കഴിയുന്നില്ല. ഇത്തരക്കാരുടെ ക്രിമിനല്‍ പശ്ചാത്തലമാണ് കര്‍ശന നടപടികള്‍ എടുക്കുന്നതില്‍ നിന്നും ടിക്കറ്റ് പരിശോധകരെയും അകറ്റുന്നത്. തീവണ്ടി യാത്രക്കിടയില്‍ വലിയ കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ മാത്രമാണ് പോലീസും റെയില്‍വേ അധികൃതരും നടപടികളുമായി വരുക. ജനറല്‍ കംപാര്‍ട്ട്‌മെന്റ് ഉള്‍പ്പടെ കര്‍ശനമായ പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയാല്‍ മാത്രമേ തീവണ്ടികളിലെ പ്രശ്‌നക്കാരെ കണ്ടെത്താന്‍ കഴിയുകയുള്ളു.

യാത്രക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണം. തീവണ്ടികളിലെ ബാത്തുറൂമുകള്‍ക്കുളളില്‍ കയറി പുക വലിക്കുക, ലഹരി വസ്തുക്കളും മദ്യവും ഉപയോഗിക്കുക, ബാത്ത് റും ഭിത്തികളില്‍ അശ്ലീലം എഴുതിവെക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളും കൂടിവരികയാണ്. പൊതുവേ വൃത്തിഹീനമായ തീവണ്ടികളിലെ ബാത്തുറൂമുകളില്‍ പുകവലി കൂടിയാവുമ്പോള്‍, രൂക്ഷ ഗന്ധം കാരണം മറ്റ് യാത്രക്കാര്‍ക്ക് അതിനുളളിലേക്ക് കയറാന്‍ പോലും പറ്റാത്ത അവസ്ഥ സൃഷിടിക്കും. ചിലര്‍ ബാത്ത് റൂമിലെ ക്ലോസറ്റില്‍ മദ്യകുപ്പികള്‍ പൊട്ടിച്ചിടുന്ന ഏര്‍പ്പാടും ഉണ്ട്. രാത്രികാല വണ്ടികളില്‍ പോലീസ് സാന്നിധ്യം ഉറപ്പാക്കുകയാണ് അടിയന്തിരമായി വേണ്ടത്. കൂടാതെ പ്ലാറ്റ്‌ഫോമിലും നിരീക്ഷണം ശക്തമാക്കണം.
തീവണ്ടിയിലെ പ്രശ്‌നക്കാര്‍ ടിക്കറ്റ് പരിശോകര്‍ക്ക് കടുത്ത പ്രയാസമാണ് ഉണ്ടാക്കുന്നതെന്ന് മിക്കറ്റ് ടി ടി ആര്‍മാരും പറയുന്നു. രാത്രികാല വണ്ടികളില്‍ രണ്ട് പോലീസുകാരാണ് ഡ്യൂട്ടിയ്ക്കുണ്ടാകുക. അവര്‍ ഏതെങ്കിലും കോണിലായിരിക്കും. പ്രശ്‌നമുണ്ടാകുമ്പോള്‍ പോലീസുകാര്‍ വേറെ കോച്ചുകളിലായിരിക്കും. പോലീസ് എത്തുമ്പോള്‍ പ്രശ്‌നക്കാര്‍ മറ്റ് കംപാര്‍ട്ടുമെന്റിലേക്ക് മാറും. സ്ലീപ്പര്‍ കംപാര്‍ട്ട്‌മെൻ്റിലും പിറകിലത്തെ കംപാര്‍ട്ടുമെന്റിലുമാണ് കൂടുതല്‍ ശല്യമെന്ന് ടിക്കറ്റ് പരിശോധകര്‍ പറയുന്നു. പ്ലാറ്റ്‌ഫോമില്‍ പ്രശ്‌നമുണ്ടാക്കുന്നവരെ അടുത്തുളള പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിക്കുന്നതിന് പകരം കിട്ടുന്ന വണ്ടികളില്‍ കയറ്റിവിടുന്ന ഏര്‍പ്പാടും ഉണ്ട്. എന്നാല്‍ രാത്രികാല ദീര്‍ഘദൂര ബസ്സുകളില്‍ പ്രശ്‌നമുണ്ടാക്കുന്നവരെ യാതൊരു ദയയുമില്ലാതെ ബസ്സ് ജീവനക്കാര്‍ പിടിച്ചു വലിച്ചു ഇറക്കി വിടുകയാണ് ചെയ്യുക.







