സംസ്ഥാനത്തെ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. വിജ്ഞാപനം http://www.sec.kerala.gov.in വെബ് സൈറ്റിൽ പരിശോധിക്കാവുന്നതാണ്. രാഷ്ട്രീയപാർട്ടികൾക്ക് നാല് പട്ടികകളിലായാണ് ചിഹ്നം അനുവദിച്ചിട്ടുള്ളത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരമുള്ള ആറ് ദേശീയപാർട്ടികളെ പട്ടിക ഒന്നിലും, ആറ് കേരള സംസ്ഥാന പാർട്ടികളെ പട്ടിക രണ്ടിലും ഉൾപ്പെടുത്തിയാണ് ചിഹ്നം അനുവദിച്ചിട്ടുള്ളത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിട്ടുള്ള ചിഹ്നങ്ങളാണ് ആ പാർട്ടികൾക്ക് നൽകിയിട്ടുള്ളത്.
മൂന്നാംപട്ടികയിൽ, മറ്റ് സംസ്ഥാനങ്ങളിലെ അംഗീകൃത പാർട്ടികളും കേരള അസംബ്ലിയിലൊ സംസ്ഥാനത്തെ ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തിലൊ അംഗങ്ങളുള്ളതും കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുളളതുമായ 28 രാഷ്ട്രിയ പാർട്ടികൾക്കും ചിഹ്നം അനുവദിച്ചിട്ടുണ്ട്. പട്ടിക നാലിലുള്ള 74 സ്വതന്ത്ര ചിഹ്നങ്ങളിൽ 1, 2, 3 പട്ടികകളിൽ ഉൾപ്പെടാത്തതും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുളളതുമായ രാഷ്ട്രിയ പാർട്ടികൾക്ക് മുൻഗണനാ അടിസ്ഥാനത്തിൽ സ്വതന്ത്ര ചിഹ്നങ്ങൾ അനുവദിച്ചിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാർത്ഥികൾ ഉൾപ്പെടെ മറ്റേതെങ്കിലും സ്ഥാനാർത്ഥികൾക്ക് പട്ടിക 4-ൽ നിന്ന് ഒരു ചിഹ്നം നൽകും.







