ദേശീയപാതയില്‍ തിരുവങ്ങൂരില്‍ സ്ഥിരമായുണ്ടാകുന്ന ഗതാഗതക്കുരുക്ക് നവംബര്‍ നാല് മുതല്‍ ഏഴ് വരെ ഇവിടെ നടക്കുന്ന കൊയിലാണ്ടി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തെ ബാധിക്കുമോയെന്ന ആശങ്കയില്‍ സംഘാടകര്‍. കഴിഞ്ഞ ദിവസം മൂന്നര മണിക്കൂറോളമാണ് തിരുവങ്ങൂരില്‍ ഗാതഗതം സ്തംഭിച്ചത്. ഓരൊറ്റ വാഹനങ്ങള്‍ക്കും അനങ്ങാന്‍ കഴിയാത്ത വിധമായിരുന്നു സ്ഥിതി. അതിരാവിലെ തുടങ്ങിയ ഗതാഗത സ്തംഭനം തീര്‍ത്തുകിട്ടാന്‍ ഏതാണ്ട് പത്ത് മണിവരെയായി. ഇതിനിടയില്‍ ഓഫീസ്, വിദ്യാലയം, വിവിധ തൊഴില്‍ശാലകള്‍ എന്നിവിടങ്ങളിലെല്ലാം എത്തേണ്ടവര്‍ വാഹനത്തിനുളളില്‍ ശ്വാസം മുട്ടി നില്‍ക്കേണ്ട അവസ്ഥയിലായിരുന്നു.
കണ്ണൂര്‍ ഭാഗത്ത് നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന ലോറിയില്‍ നിന്നും സള്‍ഫര്‍ ചാക്കു പൊട്ടി വീണതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച രാവിലെ മുതല്‍ ഗതാഗതം സ്തംഭിച്ചത്. കോഴിക്കോട് ഭാഗത്തേക്കുളള സര്‍വ്വീസ് റോഡില്‍ തിരുവങ്ങൂര്‍ അണ്ടര്‍പാസിന് സമീപമായിരുന്നു അപകടം. റോഡില്‍ വീണ സള്‍ഫര്‍ തൊഴിലാളികള്‍ നീക്കം ചെയ്യുന്നതുവരെ വാഹന ഗതാഗതം നിലച്ചു. കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട ബസ്സുകളടക്കമുളള ചില വാഹനങ്ങള്‍ മറുഭാഗത്തെ സര്‍വ്വീസ് റോഡിലേക്ക് കടന്ന് യാത്ര ചെയ്യാന്‍ ശ്രമിച്ചത് കുരുക്ക് വീണ്ടും സങ്കീര്‍ണ്ണമാക്കി. ഒടുവില്‍ പോലീസ് ഇടപെട്ടാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. രാവിലെയും വൈകീട്ടും പൊയില്‍ക്കാവ്, തിരുവങ്ങൂര്‍ ഭാഗത്ത് വലിയ ഗതാഗത സ്തംഭനമാണ് അനുഭവപ്പെടുന്നത്.
രാമനാട്ടുകര ഭാഗത്ത് നിന്നും ആറ് വരി പാതയിലൂടെ വരുന്ന വാഹനങ്ങള്‍ വെങ്ങളം മേല്‍പ്പാലത്തിലൂടെ വന്ന് തിരുവങ്ങൂര്‍ അണ്ടിക്കമ്പനിയ്ക്ക് സമീപമെത്തിയാല്‍ സര്‍വ്വീസ് റോഡിലേക്ക് ഇറങ്ങണം. കോഴിക്കോട് നിന്ന് എലത്തൂര്‍ കോരപ്പുഴ പാലം കടന്നു വരുന്ന വാഹനങ്ങളും സര്‍വ്വീസ് റോഡ് വഴിയാണ് വരുക. രണ്ട് റോഡുകളും ഇടുങ്ങിയ സര്‍വ്വീസ് റോഡിലേക്ക് ഒരേ സമയം കടക്കുമ്പോള്‍ ആര്‍ക്കും പോകാന്‍ കഴിയാത്ത അവസ്ഥ സംജാതമാകും. ഇതിനിടയില്‍ ചില വാഹനങ്ങള്‍ കുത്തി തിരുകി മുന്നോട്ട് പോകാന്‍ ശ്രമിക്കും. ഇരു ചക്രവാഹനങ്ങള്‍ വരി തെറ്റിച്ചും ഓടും. തിരുവങ്ങൂര്‍ അണ്ടര്‍പാസ് കടന്ന് അത്തോളി കുനിയില്‍ കടവ് പാലം കടന്നു വരുന്ന വാഹനങ്ങളും സര്‍വ്വീസ് റോഡിലേക്ക് എത്തും. ഇതു കൂടാതെ കാപ്പാട് റോഡില്‍ നിന്നും വരുന്ന വാഹനങ്ങള്‍ അണ്ടര്‍പാസ് കടന്ന് കുനിയില്‍ക്കടവ് പാലം വഴി പോകാനും, റോഡിന്റെ മറുപുറം കടന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകാനും കോഴിക്കോട്-കൊയിലാണ്ടി ഭാഗത്തേക്കുളള സര്‍വ്വീസ് റോഡ് തന്നെ ഉപയോഗപ്പെടുത്തും. എല്ലാ വാഹനങ്ങളും സര്‍വ്വീസ് റോഡിലൂടെ തലങ്ങും വിലങ്ങും ഓടുമ്പോള്‍ ഗതാഗതം പൂര്‍ണ്ണമായും നിശ്ചലമാകും.
തിരുവങ്ങൂരില്‍ ആറ് വരി പാത നിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തിയാക്കുക, അടിപ്പാതയ്ക്ക് മുകളിലൂടെ വാഹന ഗതാഗതം ആരംഭിക്കുക, സര്‍വ്വീസ് റോഡുകള്‍ വികസിപ്പിക്കുക, റോഡിലെ കുഴികള്‍ അടയ്ക്കുക എന്നിവ മാത്രമാണ് കുരുക്കഴിക്കാനുളള പോംവഴി. തിരുവങ്ങൂരില്‍ റോഡ് പണി ഇപ്പോള്‍ തടസ്സപ്പെട്ടു കിടക്കുകയാണ്. റോഡ് നിര്‍മ്മാണത്തിലെ അപാകം പരിഹരിക്കണമെന്നാവശ്യപ്പെട്ട് രംഗത്തിറങ്ങിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകരും കരാറെടുത്ത വഗാഡ് കമ്പനി ജീവനക്കാരും തമ്മില്‍ കഴിഞ്ഞ ദിവസം ഇവിടെ സംഘര്‍ഷമുണ്ടായിരുന്നു. അതിനാല്‍ പിന്നീട് റോഡ് പണികളൊന്നും ഇവിടെ നടന്നിട്ടില്ല.
നാല് ദിവസം തിരുവങ്ങൂരില്‍ നടക്കുന്ന കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിന് അയ്യായിരത്തിലേറെ കുട്ടികള്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പറുന്നത്. കുട്ടികളെ കൊണ്ടുവരുന്ന വാഹനങ്ങള്‍, മേള വീക്ഷിക്കാനെത്തുന്നവരുടെ വാഹനങ്ങള്‍ എന്നിവ എവിടെ പാര്‍ക്ക് ചെയ്യുമെന്ന് ഇപ്പോഴും അവ്യക്തമാണ്. തിരക്കേറിയ സമയങ്ങളില്‍ വാഹന ഗതാഗതം അത്തോളി വഴി തിരിച്ചു വിട്ടാലെ പ്രശ്‌നങ്ങള്‍ മറികടക്കാനാവുകയുള്ളു. ഇക്കാര്യം കൊയിലാണ്ടി പോലീസുമായി സംസാരിക്കുന്നുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.







