കൊച്ചിയിൽ നിന്നും ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന മൂന്നാമത് വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമമായി. കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചുമുള്ള യാത്രാക്ലേശത്തിന് ആശ്വാസം പകരാൻ കേരളത്തിന് മൂന്നാം വന്ദേഭാരത് ഈയടുത്താണ് പ്രഖ്യാപിച്ചത്. നിലവിൽ ബെംഗളൂരു – കൊച്ചി വന്ദേ ഭാരതിന്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചിരിക്കുകയാണ് റെയിൽവേ അധികൃതർ. കൊച്ചിയിൽ നിന്ന് ഉച്ചയ്ക്ക് പുറപ്പെടുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 2.20ന് എറണാകുളത്തു നിന്ന് പുറപ്പെട്ട് രാത്രി 11മണിക്ക് ബെംഗളൂരു സിറ്റിയിലെത്തുമെന്നാണ് അറിയിപ്പ്. ബെംഗളൂരുവിൽ നിന്ന് പുലർച്ചെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളത്തുമെത്തും. അടുത്തയാഴ്ച മുതലാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.
സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശ്ശൂർ എന്നിവിടങ്ങളിലും തിരികെ വരുമ്പോൾ കൃഷ്ണരാജപുരത്തും സ്റ്റോപ്പുകൾ ഉണ്ടായിരിക്കും. 9 മണിക്കൂർ കൊണ്ടാണ് 608 കിലോമീറ്റർ പിന്നിടുക എന്നതാണ് യാത്രയുടെ പ്രത്യേകത. ഒരു എക്സിക്യൂട്ടീവ് കോച്ച് ഉൾപ്പെടെ ആകെ 8 ബോഗികളാണ് ട്രെയിനിൽ ഉണ്ടായിരിക്കുക. ഈ മാസം സർവ്വീസ് ആരംഭിക്കുകയാണെങ്കിൽ ക്രിസ്മസ്, പുതുവർഷത്തിന് യാത്രാക്ലേശമനുഭവിക്കുന്നവർക്ക് ഇത് ഗുണകരമാവും.







