പൊതു-സ്വകാര്യ മേഖല സ്ഥാപനങ്ങളെയും, വിനോദസഞ്ചാര കേന്ദ്രങ്ങളെയും, പൊതുസ്ഥലങ്ങളെയും ശുചിത്വത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തി ഗ്രേഡ് ചെയ്യാനുള്ള ഗ്രീൻ ലീഫ് റേറ്റിങ് സംവിധാനവും സംസ്ഥാനത്തെ വിദ്യാർത്ഥികളിൽ ശുചിത്വ അവബോധം വർദ്ധിപ്പിക്കുന്നതിലേക്കായി ഏർപ്പെടുത്തുന്ന ഇക്കോസെൻസ് സ്‌കോളർഷിപ്പും തദ്ദേശ സ്വയംഭരണ, എക്‌സൈസ്, പാർലമെന്റററികാര്യ വകുപ്പ് മന്ത്രി എം. ബി. രാജേഷ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. ഏപ്രിലിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വൃത്തി കോൺക്ലേവിനെ അടിസ്ഥാനപ്പെടുത്തി തയാറാക്കിയ പുസ്തകവും ചടങ്ങിൽ പ്രകാശിപ്പിച്ചു.
ഗ്രീൻ ലീഫ് റേറ്റിങ് വിവിധ സ്ഥാപനങ്ങൾക്കു നല്കുമ്പോൾ മികച്ച റേറ്റിങ് ഉളളവരുടെ സേവനങ്ങൾ ജനങ്ങൾ തെരഞ്ഞെടുക്കുമെന്നും ആയിതിനാൽ എല്ലാ സ്ഥാപനങ്ങളും റേറ്റിങ് സിസ്റ്റത്തിന്റെ ഭാഗമാകണമെന്നും മന്ത്രി അഭ്യർഥിച്ചു. വിദ്യാർത്ഥി ഹരിതസേന സ്‌കോളർഷിപ്പിന്റെ ടൂൾ കിറ്റുകളും മന്ത്രി കുട്ടികൾക്ക് കൈമാറി. 6,7, 8,9, പ്ലസ് വൺ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി തദ്ദേശസ്വയംഭരണ വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് വിദ്യാർത്ഥി ഹരിതസേന ഇക്കോസെൻസ് സ്‌കോളർഷിപ്പ്. 50,000 വിദ്യാർഥികൾക്ക് 1,500 രൂപയും പ്രശസ്തിപത്രവും ഇതിന്റെ ഭാഗമായി ലഭിക്കും.
ആന്റണി രാജു എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, തദ്ദേശ സ്വയംഭരണ സ്‌പെഷ്യൽ സെക്രട്ടറി അനുപമ ടി. വി, പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകി, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറൽ എൻ. എസ്. കെ. ഉമേഷ്, ശുചിത്വ മിഷൻ എക്‌സിക്യൂട്ടിവ് ഡയറക്ടർ യു. വി. ജോസ്, കെ.എസ്.ആർ.ടി.സി. ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടർ ഡോ. പി. എസ്. പ്രമോജ് ശങ്കർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. റീന കെ.ജെ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. ജയപ്രകാശ് പി, മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ വിശ്വനാഥൻ കെ. വി എന്നിവർ സംബന്ധിച്ചു.
 







