ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയെ തിരുവനന്തപുരം സ്പെഷൽ സബ് ജയിലിലേക്ക് മാറ്റി. ദ്വാരപാലക ശില്പങ്ങളിലെ സ്വർണ മോഷണക്കേസിൽ 14 ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായതോടെ ഉണ്ണികൃഷ്ണൻ പോറ്റിയെ റിമാൻഡ് ചെയ്തത്. അപസ്മാര ബാധിതനാണെന്നും ജയിലിൽ പോകാൻ ബുദ്ധിമുട്ടുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അഭിഭാഷകൻ പറഞ്ഞു. എന്നാല്‍ വൈദ്യ പരിശോധനയ്ക്കുള്ള സജ്ജീകരണങ്ങൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ ബോധിപ്പിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയെ തിരുവനന്തപുരം സ്പെഷൽ സബ് ജയിലിലേക്കാണ് മാറ്റിയത്
അതേസമയം, കേസില്‍ ദേവസ്വം ഉദ്യോഗസ്ഥരോട് നിലപാട് കടുപ്പിച്ചിരിക്കുകയാണ് എസ്ഐടി. രേഖകൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഇനി സാവകാശം നൽകാനാകില്ലെന്നും എസ്ഐടി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 1999 ൽ വിജയ് മല്യ സ്വർണ്ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ഉടൻ ലഭ്യമാക്കണമെന്ന് എസ്ഐടി ആവശ്യം. ശബരിമലയിലെ മരാമത്ത് രേഖകൾ ഉൾപ്പെടെ അന്വേഷണത്തിന് അനിവാര്യമാണെന്നും രേഖകൾ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് ഇനി സാവകാശം നൽകാൻ ആകില്ലെന്നും എസ്ഐടി മുന്നറിയിപ്പ് നൽകി.







