മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീൻ തെലങ്കാന മന്ത്രി സഭയിലേക്ക്

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീൻ തെലങ്കാന മന്ത്രി സഭയിലേക്ക്. ജൂബിലി ഹിൽസ് ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി എ. രേവന്ത് റെഡ്ഡി നയിക്കുന്ന സംസ്ഥാന മന്ത്രിസഭയിൽ അസ്ഹറുദ്ദീൻ ചുമതലയേൽക്കും. വെള്ളിയാഴ്‌ച സത്യപ്രതിജ്ഞ ഉണ്ടായേക്കും.

തെലങ്കാനയിലെ കോൺഗ്രസിൻ്റെ എംഎൽസി അംഗമായി പാർട്ടി എംഡി അസ്ഹറുദ്ദീനെ നാമനിർദേശം ചെയ്തിട്ടുണ്ട്. ഗവർണറുടെ ക്വാട്ട പ്രകാരമാണ് അസ്‌ഹറുദ്ദീൻ, പ്രൊഫസർ എം. കോദണ്ഡറാം എന്നിവരെ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നാമനിർദേശം ചെയ്യാൻ സംസ്ഥാന മന്ത്രിസഭ ശുപാർശ ചെയ്തത്. എന്നാൽ ഓഗസ്റ്റ് 30 ന് നൽകിയ ശുപാർശക്ക് ഗവർണർ ജിഷ്‌ ദേവ് വർമ്മ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല. നവംബർ 11 ന് ജൂബിലി ഹിൽസ് സീറ്റിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അസ്ഹറുദ്ദീനെ മന്ത്രിസഭയിൽ എത്തിക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.

2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജൂബിലി ഹിൽസ് സീറ്റിൽ അസ്ഹറുദ്ദീൻ ആയിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി. അന്ന് അദ്ദേഹം പരാജയപ്പെട്ടിരുന്നു. നവംബർ 11 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ നവീൻ യാദവ് ആണ് കോൺഗ്രസ് സ്ഥാനാർഥി. മണ്ഡലത്തിലെ 33 ശതമാനം വരുന്ന മുസ്ലീം വിഭാഗത്തിൻന്റെ പിന്തുണ ഉറപ്പിക്കുക എന്നതാണ് പുതിയ നീക്കത്തിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിൽ ഉൾപ്പെടെ ദേശീയ തലത്തിൽ തീരുമാനം പാർട്ടിക്ക് പോസിറ്റീവ് ഇമേജ് സൃഷ്ടിക്കുമെന്നും പാർട്ടി വിലയിരുത്തുന്നു.

എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ടിപിസിസി പ്രസിഡന്റ് ബി. മഹേഷ് കുമാർ ഗൗഡ്, ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്ക എന്നിവർ നടത്തിയ ചർച്ചയിലാണ് അസ്ഹറുദ്ദീനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്.

Leave a Reply

Your email address will not be published.