തിരുവങ്ങൂരിൽ ദേശീയപാത നിർമ്മാണത്തിന് അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച ഡിവൈഎഫ്ഐ നേതാവിനെ സൈറ്റ് എൻജിനീയർ ആക്രമിച്ചതായി പരാതി. ഡിവൈഎഫ്ഐ കാപ്പാട് മേഖലാ പ്രസിഡണ്ട് ശിവപ്രസാദിനെയാണ് ആക്രമിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഇവിടെ ഡിവൈഎഫ്ഐ ബഹുജന ധർണ സംഘടിപ്പിച്ചിരുന്നു. കലക്ടറുടെ സന്ദർശനത്തിനുശേഷം മാത്രം പണി പുനരാരംഭിച്ചാൽ മതിയെന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ പറഞ്ഞപ്പോൾ, അത് വകവയ്ക്കാതെ പണി തുടരുന്നതിനിടയിലാണ് സൈറ്റ് എൻജിനീയർ അക്രമം നടത്തിയതെന്ന് ഡിവൈഎഫ്ഐ നേതാക്കൾ കുറ്റപ്പെടുത്തി.
തിരുവങ്ങൂരിൽ നിർമിച്ചിട്ടുള്ള അണ്ടർ പാസിന്റെ ഇരുവശമുള്ള ദേശീയ പാത തികച്ചും അശാസ്ത്രീയമായിട്ടാണ് നിർമ്മിച്ചതെന്ന് പരക്കെ ആഷേപം ഉയർന്നിട്ടുണ്ട്.ഏതാണ്ട് 30 അടിയോളം മണ്ണിട്ട് ഉയർത്തി കോൺക്രീറ്റ് പാളികൾ കെട്ടി ഉയർത്തിയാണ് റോഡ് നിർമ്മിച്ചത്. പ്രവർത്തി ഏതാണ്ട്
പൂർത്തീകരണ ഘട്ടത്തിലെത്തിയിരിക്കെ അണ്ടർ പാസിൻ്റെ ഇരുഭാഗങ്ങളിലെയും റോഡിൽ വിള്ളൽ സംഭവിച്ചു. കോൺക്രീറ്റ് ഭിത്തിയിലും വിള്ളൽ സംഭവിച്ചു. മഴ പെയ്താൽ ഈ വിള്ളലിലൂടെ മണ്ണും വെള്ളവും ഒഴുകി ഇറങ്ങുകയാണ്. ഇതിന്റെ ഫലമായി കൂറ്റൻ മതിലുകൾ ബലഹീനമായതിനെ തുടർന്ന് കുറച്ചു ഭാഗം പൊളിച്ചു നീക്കി. ഈ ഭാഗം മാത്രം പുനർ നിർമ്മിക്കാനാണ് കരാർ കമ്പനി ശ്രമിക്കുന്നത്. ഇത് നിർത്തി വെച്ച് ബലഹീനമായ കൂറ്റൻ മതിലുകൾ പൂർണമായും പൊളിച്ചു നീക്കി കോൺക്രീറ്റ് പില്ലറുകളിൽ റോഡ് നിർമിക്കണമെന്നാണ് ഡി വൈ എഫ് ഐ ആവശ്യപ്പെടുന്നത്.
ഇക്കാര്യം ഉന്നയിച്ചാണ് ബഹുജന ധർണ സംഘടിപ്പിച്ചത്. തിരുവങ്ങൂർ എച്ച് എസ് എസിൽ പഠിക്കുന്ന ആയിരക്കണക്കിന്ന് കുട്ടികൾ കാലത്തും വൈകീട്ടും നടന്ന് പോകുന്നത്. ഈ കൂറ്റൻ മതിലുകൾക്കടിയിലൂടെയാണ്. നൂറ് കണക്കിന് വാഹനങ്ങൾ യാത്രക്കാരുമായി പോകുന്നതും ഇതു വഴിയാണ്. മതിലിടിഞ്ഞു ഒരു വലിയ ദുരന്തം സംഭവിക്കാതിരിക്കാൻ റോഡ് ശാസ്ത്രീയമായി പുനർ നിർമ്മിക്കണമെന്നാണ് ഡി വൈ എഫ് ഐ ആവശ്യം.







