ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നിലവിൽ കസ്റ്റഡിയിലുള്ള മുഖ്യപ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യല്‍ തുടരും. ഇരുവരെയും ഒരുമിച്ച് ശബരിമലയില്‍ തെളിവെടുപ്പിന് കൊണ്ടുപോകാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ആലോചന.
അതിനുശേഷം ആകും പ്രതി പട്ടികയില്‍ ഉള്ള മറ്റ് പ്രതികളിലേക്ക് പ്രത്യേക അന്വേഷണ സംഘം കടക്കുക. അതേസമയം ഗോവര്‍ധന്‍ , നരേഷ് എന്നിവരുടെ സാമ്പത്തിക ഇടപാടുകളില്‍ കൂടുതല്‍ രേഖകള്‍ എസ് ഐ ടി ശേഖരിച്ചു.
ശബരിമലയിലെ ദ്വാരപാലകശില്പങ്ങളിലെ സ്വര്‍ണ്ണപ്പാളികളിലെ സ്വര്‍ണ്ണം ഉണ്ണികൃഷ്ണന്‍ പോറ്റിയും സംഘവും ഉരുക്കിയെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഈ സ്വര്‍ണ്ണം എന്തു ചെയ്തു എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്.
ഉണ്ണികൃഷ്ണന്‍ പോറ്റി കൈക്കലാക്കിയ സ്വര്‍ണം ബെല്ലാരിയിലെ ഗോവര്‍ദ്ധന്‍ എന്ന സ്വര്‍ണ വ്യാപാരിക്ക് വിറ്റതായാണ് എസ് ഐ ടി കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘം ഗോവര്‍ധനെ കണ്ടെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.
ഇതിനിടെ, ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബെല്ലാരിയിൽ നിന്ന് പിടിച്ചെടുത്ത 608 ഗ്രാം സ്വർണം റാന്നി കോടതിയിൽ ഹാജരാക്കി. 100 ഗ്രാമിൻ്റെ അഞ്ച് സ്വർണക്കട്ടികളും 74 ഗ്രാമിൻ്റെ ഒരു സ്വർണക്കട്ടിയും നാണയങ്ങളുമാണ് കോടതിയിലെത്തിച്ചത്. ദ്വാരപാലക ശില്പങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത സ്വർണം തന്നെയാണോ ഇതെന്ന് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.







