കേരള സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി – പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന (KASP-PMJAY) ഗുണഭോക്താക്കൾക്കായി കാസ്പ് ഹെൽത്ത് (KASP Health) മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ആർദ്ര കേരളം അവാർഡുകളുടെ ഭാഗമായി ഒക്ടോബർ 29-ന് ടാഗോർ തീയറ്ററിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട ആരോഗ്യ വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ് കാസ്പ് ഹെൽത്ത് (KASP Health) ആപ്ലിക്കേഷൻ ജനങ്ങൾക്കായി സമർപ്പിച്ചു.
സംസ്ഥാനത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 42 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് പ്രതിവർഷം പരമാവധി 5 ലക്ഷം രൂപയുടെ പണരഹിതമായ ചികിത്സാ പരിരക്ഷ ഉറപ്പാക്കുന്ന കാസ്പ് പി.എം.ജെ.എ.വൈ ഇൻഷുറൻസ് പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ഇൻഷുറൻസ് സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിന്, എംപാനൽ ചെയ്ത ആശുപത്രികളിലെ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ കിയോസ്‌ക് നേരിട്ട് സന്ദർശിക്കേണ്ടി വരുന്ന നിലയാണ് ഇപ്പോഴുള്ളത്.
എന്നാൽ, കെ-ഡിസ്‌ക് തയ്യാറാക്കിയ ‘കാസ്പ് ഹെൽത്ത്'(KASP Health) എന്ന മൊബൈൽ ആപ്പിന്റെ സഹായത്തോടെ, ഇൻഷുറൻസ് പദ്ധതിയിലേക്കുള്ള യോഗ്യത, സമീപത്തെ എംപാനൽ ചെയ്ത ആശുപത്രികൾ, ചികിത്സാ വിഭാഗം എന്നിങ്ങനെയുള്ള വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകും. പൊതുജനങ്ങൾക്ക് ഗൂഗിൾ-പ്ലേ സ്റ്റോറിൽ നിന്നും സൗജന്യമായി ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്.







