പാലക്കാട് കുഴൽമന്ദത്തിന് സമീപം മാത്തൂർ പല്ലഞ്ചാത്തനൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. പൊള്ളപ്പാടം ഇന്ദിര (55) യെയാണ് ഭർത്താവ് വാസു കൊടുവാൾ കൊണ്ടു കഴുത്തിൽ വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തിന് പിന്നിൽ കുടുംബ പ്രശ്നമെന്നാണ് പൊലീസിൻ്റെ നിഗമനം. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. കൊലപാതക സമയത്ത് വീട്ടിൽ ഇവരുടെ മക്കൾ ആരും ഇല്ലായിരുന്നു. ഇന്ദിര സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഭർത്താവ് വാസുവിനെ കുഴൽമന്ദം പൊലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഇന്നലെ വൈകീട്ട് വാസുവും ഇന്ദിരയും തമ്മിൽ വഴക്ക് നടന്നിരുന്നു. ഇന്ന് രാവിലെ മക്കൾ ജോലിക്കായി പുറത്തുപോയ സമയത്ത് വാസു വീണ്ടും ഇന്ദിരയുമായി വഴക്കിടുകയും കൊടുവാൾ കൊണ്ട് ആക്രമിക്കുകയുമായിരുന്നു. വാസു സ്ഥിരമായി മദ്യപിച്ച് വന്ന് വീട്ടിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കിയിരുന്നതായാണ് പ്രദേശവാസികൾ പറയുന്നത്. പൊലീസ് എത്തി ഇൻക്വസ്‌റ്റ് നടപടികൾ ആരംഭിച്ചു.







