യാത്രക്കാരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും വന്ദേഭാരത് എക്‌സ്പ്രസ് സർവീസ് ആരംഭിക്കുന്നു. മലയാളികളുടെ ഒരുപാട് കാലത്തെ ആവശ്യമാണ് ഉപരാഷ്‌ട്രപതി സിപി രാധാകൃഷ്‌ണൻ്റെ പ്രഖ്യാപനത്തോടെ നിറവേറുന്നത്.
ബെംഗളൂരുവില്‍ താമസിക്കുന്ന മലയാളികൾക്ക് ഏറെ പ്രയോജനപ്പെടുന്നതും ആശ്വാസം നല്‍കുന്നതുമായ പ്രഖ്യാപനമാണിത്. ജോലി സംബന്ധിച്ചും പഠനകാര്യവുമായി ബന്ധപ്പെട്ടും ബെംഗളൂരുവിൽ ഒരുപാട് മലയാളികൾ താമസിക്കുന്നുണ്ട്. അവധി ദിനങ്ങളിലും ഉത്സവ സീസണുകളിലുമൊക്കെ നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് ഇത് ഏറെ പ്രയോജനപ്പെടും.
അതേസമയം, യാത്രാസമയം ഗണ്യമായി കുറയുമെന്നാണ് മറ്റൊരു പ്രത്യേകത. തമിഴ്‌നാട്ടിലെ കോഴമ്പത്തൂരിലെ സന്ദർശനത്തിനിടെയാണ് ഇതുമായി ബന്ധപ്പെട്ട് ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക പ്രഖ്യാപനം. “എറണാകുളത്തിനും ബെംഗളൂരുവിനും ഇടയിലുള്ള വന്ദേഭാരത് എക്‌സ്പ്രസ് ഉടൻ വരും. കോയമ്പത്തൂർ, സേലം, തിരുപ്പൂർ, ഈറോഡ് എന്നിവിടങ്ങളിൽ ട്രെയിൻ സ്‌റ്റോപ്പുകള്‍ ഉണ്ടാകും. കൂടാതെ, കോയമ്പത്തൂരിലേക്ക് യാത്ര ചെയ്യുന്ന ജാർഖണ്ഡിൽ നിന്നുള്ള തൊഴിലാളികൾക്കായി ഒരു പുതിയ പ്രതിദിന ട്രെയിൻ സർവീസ് ആരംഭിക്കും” -അദ്ദേഹം പറഞ്ഞു.
ട്രെയിൻ രാവിലെ 5 മണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2 മണിക്ക് എറണാകുളത്ത് എത്തുന്ന രീതിയില്‍ ആയിരിക്കുമെന്നാണ് സൂചന. മടക്ക യാത്രയില്‍ രാത്രി 11 മണിക്ക് ബെംഗളൂരുവിൽ എത്തും. തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം എന്നീ രണ്ട് സ്റ്റേഷനുകൾക്കിടയിൽ ആറ് സ്റ്റോപ്പുകൾ ഉണ്ട്.
