പ്രസവ ശസ്ത്രക്രിയക്കിടയിൽ വയറ്റിൽ കത്രിക അകപ്പെട്ട് ദുരിതം പേറി ജീവിച്ച ഹർഷിന പിന്നീട് അവരുടെ ശരീരത്തിൽ നിന്ന് കത്രിക പുറത്തെടുക്കുന്നതിന് നടത്തിയ ശസ്ത്രകിയയെ തുടർന്ന് നിത്യരോഗിയായി മാറി. ഇതിന് വേണ്ടി സർക്കാറിന്റെ സഹായം തേടി സെക്രട്ടറിയേറ്റിന്റെ മുമ്പിൽ ഒക്ടോബർ എട്ടാം തീയതി സമരസമിതിയുടെ നേതൃത്വത്തിൽ ഹർഷിന സമരം നടത്തിയിരുന്നു. സമരം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അവരുടെ ചികിത്സ യുഡിഎഫ് ഏറ്റെടുക്കുമെന്നും അതിനു താൻ മുൻകൈയെടുക്കുമെന്നും ഉറപ്പു നൽകിയിരുന്നു.
ഈ ഉറപ്പു പാലിച്ചുകൊണ്ട് ഹർഷിനിയുടെ ചികിത്സക്ക് ആദ്യഘട്ടമായി വിഡി സതീശൻ നൽകുന്ന ഒരുലക്ഷം രൂപയുടെ ചെക്ക് ഡിസിസി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺകുമാർ കോഴിക്കോട് ഡിസിസിയിൽ നടന്ന ചടങ്ങിൽ വച്ച് ഹർഷിനക്ക് കൈമാറി. ആരോഗ്യവകുപ്പിന്റെ കുറ്റകൃത്യത്തിന് ഇരയായ ഹർഷിനയെ സഹായിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും ഹർഷിനിയുടെ ചികിത്സ ഏറ്റെടുത്ത പ്രതിപക്ഷ നേതാവ് വി ഡി സതീശന് നന്ദി പറയുന്നു എന്നും യുഡിഎഫ് ഗവൺമെന്റ് വന്നാൽ ഹർഷിനക്ക് നീതി ഉറപ്പുവരുത്തുന്നതിന് പ്രഥമ പരിഗണന നൽകുമെന്നും പ്രവീൺ കുമാർ പറഞ്ഞു. ചടങ്ങിൽ ഹർഷിന സമര സഹിയ സമിതി ചെയർമാൻ ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു യുഡിഎഫ് ജില്ലാ ചെയർമാൻ, കെ ബാലനാരായണൻ, യുഡിഎഫ് കൺവീനർ അഹമ്മദ് പുന്നക്കൽ, കൺവീനർ മുസ്തഫ പാലാഴി, സമരസമിതി ഭാരവാഹികളായ എം ടി സേതുമാധവൻ, എം വി അബ്ദുല്ലത്തീഫ്, രവികുമാർ പനോളി, അഡ്വക്കറ്റ് ബൈജ പി, ഹർഷിനയുടെ ഭർത്താവ് കെ അഷ്റഫ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.







