ഈയിടെ അന്തരിച്ച കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി പി ദിവ്യയ്ക്കും ടി വി പ്രശാന്തനുമെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് കുടുംബം. 65 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പത്തനംതിട്ട സബ് കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി ദിവ്യയ്ക്കും പ്രശാന്തനും നോട്ടീസ് അയച്ചു. ഹർജി അടുത്ത മാസം 11-ന് പരിഗണിക്കും. പത്തനംതിട്ട ബാറിലെ അഭിഭാഷകൻ അജിത്ത് പ്രഭാവ് മുഖേനയാണ് കുടുംബം ഹർജി ഫയൽ ചെയ്തത്.
നവീൻ ബാബുവിനെ അഴിമതിക്കാരനായി പൊതുസമൂഹത്തിന് മുന്നിൽ തെറ്റായി ചിത്രീകരിച്ചു എന്നാണ് കുടുംബത്തിൻ്റെ പ്രധാന ആരോപണം. മരണശേഷം പലതവണ പ്രശാന്തൻ ഈ ആരോപണം ആവർത്തിച്ചതായും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നവീൻ ബാബു കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥനായിരുന്നു എന്നതിന് ലാൻഡ് റവന്യൂ കമ്മീഷണറുടെയും വിജിലൻസിൻ്റെയും റിപ്പോർട്ടുകൾ സാക്ഷ്യപ്പെടുത്തുന്നതായും ഹർജിയിൽ പറയുന്നു. പ്രശാന്തൻ മുഖ്യമന്ത്രിക്ക് അയച്ചുവെന്ന് പറയുന്ന പരാതി മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ചിട്ടില്ലെന്ന വസ്തുതയും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
നവീൻ ബാബുവിന്‍റെ മരണം കൊലപാതകമാണെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. ഈ ആവശ്യം ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കൊലപാതകമാണെന്ന് സംശയിക്കാൻ പ്രത്യേക കാരണമില്ലെന്നുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെയും സർക്കാരിന്റെയും നിലപാടുകള്‍ കോടതികള്‍ അംഗീകരിക്കുകയായിരുന്നു.







