മത്സ്യസമ്പത്തിന് വിഘാതമാകുന്ന രീതിയില്‍ നിയമാനുസൃതമല്ലാത്ത വല/പെലാജിക് നെറ്റ് ഉപയോഗിച്ചും ലൈറ്റ് ഉപകരണങ്ങള്‍ ഉപയോഗിച്ചും മത്സ്യബന്ധനം നടത്തിയ രണ്ട് ബോട്ടുകള്‍ ഫിഷറീസ് വകുപ്പ് കസ്റ്റഡിയിലെടുക്കുകയും 3,40,000 രൂപ പിഴയിടുകയും ചെയ്തു. ലവ് മേരി, ശിവദം എന്നീ ബോട്ടുകളാണ് പിടികൂടിയത്.
ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍ അസി. ഡയറക്ടര്‍ വി സുനീറിന്റെ നേതൃത്വത്തിലുള്ള സംഘം ബേപ്പൂര്‍ ഹാര്‍ബര്‍ കേന്ദ്രീകരിച്ച് പട്രോളിങ് നടത്തുന്നതിനിടെയാണ് ഹൈ വോള്‍ട്ട് ലൈറ്റ് ഉപകരണങ്ങള്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ ലവ് മേരി എന്ന ബോട്ട് കസ്റ്റഡിലെടുത്തത്. ബോട്ടുടമയില്‍നിന്ന് 90,000 രൂപ പിഴ ഈടാക്കി.
ഫിഷറീസ് വകുപ്പ് അധികൃതര്‍ പുതിയാപ്പ ഹാര്‍ബര്‍ കേന്ദ്രീകരിച്ച് പട്രോളിങ് നടത്തുന്നതിനിടെയാണ് നിയമാനുസൃതമല്ലാത്ത വല ഉപയോഗിച്ചും പെര്‍മിറ്റില്ലാതെയും ആവശ്യമായ അളവില്‍ സ്‌ക്വെയര്‍മെഷ് കോഡ് എന്‍ഡ് ഉപയോഗിക്കാതെയും മത്സ്യബന്ധനം നടത്തിയ ശിവദം എന്ന ബോട്ട് പിടികൂടിയത്. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ശ്യാം ചന്ദ് കസ്റ്റഡിയിലെടുത്ത ബോട്ടിന് 2.5 ലക്ഷം രൂപ പിഴയിട്ടു.
ഇരു ഹാര്‍ബറുകളിലുമായി നടന്ന പട്രോളിങ്ങില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് ഗാര്‍ഡ് ടി കെ രാജേഷ്, ഫിഷറി ഹെഡ് ഗാര്‍ഡ് എം കെ ഹരിദാസന്‍, ഫിഷറി ഗാര്‍ഡുമാരായ എം ബിബിന്‍, വൈ ജീന്‍ദാസ്, കെ അരുണ്‍ എന്നിവരും പങ്കെടുത്തു.







