കൊയിലാണ്ടി: ദേശീയ പാതയില്‍ വടകരയ്ക്കും കൊയിലാണ്ടിയിക്കും ഇടയില്‍ ബസ്സോട്ടം കടുത്ത പ്രതിസന്ധിയില്‍. റോഡുകള്‍ തകര്‍ന്നു കിടക്കുന്നതാണ് ബസ്സ് സര്‍വ്വീസിനെ ഗുരുതരമായി ബാധിക്കുന്നത്. കൊയിലാണ്ടിയ്ക്കും നന്തിയ്ക്കും ഇടയില്‍ ദേശീയപാതയില്‍ അറ്റകുറ്റ പണി നടത്തിയത് കാരണം റോഡ് ഉയര്‍ന്നും താഴ്ന്നും കിടക്കുകയാണ്. ഇതുവഴി സഞ്ചരിച്ചാല്‍ യാത്രക്കാരുടെ നടുവൊടിയും. ബസ്സുകളുടെ എഞ്ചിനിനും വലിയ തകരാര്‍ സംഭവിക്കുന്നു. നന്തി മുതല്‍ വടകര വരെ സര്‍വ്വീസ് റോഡ് തകര്‍ന്നു കിടക്കുന്നു. മഴ പെയ്താല്‍ സര്‍വ്വീസ് റോഡില്‍ വെള്ളം കെട്ടി നില്‍ക്കും. റോഡില്‍ ഉടനീളം വലിയ കുഴികളാണ്. റോഡ് വശത്തെ ഓവുചാലുകള്‍ക്ക് മുകളിലിട്ട സ്ലാബുകള്‍ മിക്കതും തകര്‍ന്നു.

വെള്ളിയാഴ്ച നന്തി ഇരുപതാം മൈല്‍സില്‍ സ്വാകാര്യ ബസ്സ് ഓവുചാലില്‍ കുടുങ്ങി. സ്ലാബ് പൊട്ടിയാണ് ബസ്സ് കുഴിയില്‍ അകപ്പെട്ടത്. കൊയിലാണ്ടി വടകര റൂട്ടില്‍ റോഡ് മൊത്തത്തില്‍ റീ ടാറിംങ്ങ് ചെയ്തിട്ട് കാലങ്ങളായി. കണ്ണൂര്‍ – തലശ്ശേരി -വടകര കോഴിക്കോട് റൂട്ടില്‍ ബസ്സുകള്‍ ആകെ 115 ദീര്‍ഘദൂര ബസ്സുകളാണ് ഓടുന്നത്. അങ്ങോട്ടുമിങ്ങോട്ടും രണ്ട് ട്രിപ്പ് പോയി വരുമ്പോഴേക്കും ബസ്സുകള്‍ വര്‍ക്ക് ഷോപ്പില്‍ കയറ്റേണ്ട അവസ്ഥ വരും. കൊയിലാണ്ടി -വടകര ഹ്രസ്വദൂര റൂട്ടില്‍ 40 ബസ്സുകളാണ് ഓടുന്നത്. ബസ്സ് സർവീസ് നടത്തുകയെന്നത് ഉടമകളെ സംബന്ധിച്ച് വലിയ സാമ്പത്തിക ബാധ്യതയായി മാറുകയാണെന്ന് ബസ്സ് ഓപറേറ്റേഴ്‌സ് ഫോറം കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം.കെ. സുരേഷ് ബാബു പറഞ്ഞു. ചെലവിനനുസരിച്ച് വരുമാനം ഈ മേഖലയില്‍ നിന്ന് ലഭിക്കുന്നില്ല. തൊഴിലാളികളുടെ ക്ഷാമവും ഉണ്ട്. റോഡുകള്‍ ടാറിംങ്ങ് നടത്താത്തതാണ് പ്രധാന വിഷയം. നന്തി മേല്‍പ്പാലത്തില്‍ സ്പാനുകള്‍ ജോയിന്റ് ചെയ്യുന്ന നാലിടത്ത് വലിയ ഗര്‍ത്തങ്ങള്‍ ഉണ്ട്. ഇതുകാരണം വാഹനങ്ങള്‍ക്ക് കടന്നുപോകുവാന്‍ കഴിയുന്നില്ല. ഗര്‍ത്തങ്ങള്‍ കടക്കുമ്പോള്‍ വാഹനത്തിലിരിക്കുന്നവരുടെ നടുവൊടിയും. റോഡ് തകര്‍ച്ച കാരണം ഈ സാഹചര്യത്തില്‍ ബസ്സ് സര്‍വീസ് നിര്‍ത്തിവെക്കാനാണ് ഉടമകളും തൊഴിലാളികളും ആലോചിക്കുന്നത്.







