ഖസാക്കിസ്ഥാനിൽ നടക്കുന്ന അണ്ടർ 20 വനിതാ സൗഹൃദ ഫുട്ബോൾ മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ കൂരാച്ചുണ്ട് കക്കയം സ്വദേശി ഷിൽജി ഷാജി ഇടം നേടി

ഖസാക്കിസ്ഥാനിൽ നടക്കുന്ന അണ്ടർ 20 വനിതാ സൗഹൃദ ഫുട്ബോൾ മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ കൂരാച്ചുണ്ട് കക്കയം സ്വദേശി ഷിൽജി ഷാജി ഇടം നേടി. ഒക്ടോബർ 25, 28 തീയതികളിലായി നടക്കുന്ന മത്സരത്തിൽ ഖസാക്കിസ്ഥാനുമായി തന്നെയാണ് ഇന്ത്യയുടെ മത്സരം. കേരളത്തിൽ നിന്ന് ടീമിൽ ഇടം നേടിയ ഏക മലയാളിയാണ് ഷിൽജി. പാലക്കാട് നടന്ന ദേശീയ സീനിയർ വനിതാ ഫുട്‌ബോൾ ടൂർണമെന്റിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഷിൽജിയെ ബാംഗ്ലൂരിൽ നടക്കുന്ന ഇന്ത്യൻ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തിരുന്നു. അവിടെ നിന്നാണ് ടീം സെലക്ഷൻ നടത്തിയത്. നേരത്തെ അണ്ടർ 17 വിഭാഗത്തിൽ ഇന്ത്യൻ വനിതാ ടീമിന് വേണ്ടി ബൂട്ടണിഞ്ഞ ഷിൽജി ഷാജി സാഫ് കപ്പ് ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. 2022-23 ലെ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ എമർജിംഗ് പ്ലെയർ ഓഫ് ദ ഇയർ അവാർഡ് ഷിൽജിക്കായിരുന്നു.

ഷിൽജി ഷാജി മലയോരത്തിന്റെ അഭിമാന താരം

കുഞ്ഞാറ്റയെന്നാണ് വീട്ടിലും നാട്ടിലും ഷിൽജിയുടെ വിളിപ്പേര്. എതിരാളികളെ നിലംപരിശാക്കുന്ന നീക്കങ്ങൾ കൊണ്ട് കളിയാസ്വാദകരുടെ ഹൃദയം കീഴടക്കിയ ഫുട്‌ബോൾ താരമായിരുന്നു ഷിൽജിയുടെ പിതാവ് ഷാജി. വീട്ടില്‍ നിന്ന് വിളിപ്പാടകലെയുള്ള കക്കയം പഞ്ചവടി മൈതാനത്ത് വൈകുന്നേരം ഷാജി കളിക്കാന്‍ പോകുമ്പോള്‍ ഷില്‍ജിയും കൂടെ പോകും. പിതാവിനും കൂട്ടുകാര്‍ക്കും ഔട്ട്ബോളുകള്‍ പെറുക്കികൊടുത്താണ് ഫുട്‌ബോളിലേക്കുള്ള തുടക്കം. പ്രൈമറി ക്ലാസില്‍ പഠിക്കുന്ന കാലത്തുതന്നെ അയല്‍പക്കങ്ങളിലെ മുതിര്‍ന്ന ആണ്‍കുട്ടികള്‍ക്കൊപ്പം ഷിൽജിയും കളത്തിലിറങ്ങി.

കല്ലാനോട് സെയ്ന്റ് മേരീസ് സ്‌കൂളിലാണ് ഷില്‍ജി ഏഴാം ക്ലാസ് വരെ പഠിച്ചത്. അക്കാലത്ത് അത്‌ലറ്റിക്‌സില്‍ സബ് ജില്ലാ ചാമ്പ്യനായിരുന്നു. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ ഫുട്‌ബോൾ ടീമിന്റെ ഭാഗമായി. ഫുട്‌ബോൾ ടീം കോച്ച് ബാബു സാറും, സ്‌കൂള്‍ കായിക അധ്യാപിക സിനി ടീച്ചറുമാണ് ഷില്‍ജിയില്‍ ഫുട്‌ബോൾ പ്രതിഭയെ തിരിച്ചറിഞ്ഞത്. ഷില്‍ജി ഉള്‍പ്പെട്ട സ്‌കൂള്‍ ടീം അക്കൊല്ലം ജില്ലാ ചാമ്പ്യന്മാരും സംസ്ഥാന ചാമ്പ്യന്മാരുമായി. കേരളത്തെ പ്രതിനിധീകരിച്ച് ഡല്‍ഹിയില്‍ നടന്ന സുബ്രതോ കപ്പില്‍ പങ്കെടുത്തു. ആ ടൂർണമെന്റാണ് ഷിൽജിയുടെ കുതിപ്പിന് വഴി വെട്ടിയത്.

തുടർന്ന് പതിമൂന്നാം വയസില്‍ ഷിൽജി കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലേക്ക് സെലക്ഷൻ കിട്ടി അങ്ങോട്ടേക്ക് മാറി. ഇന്ത്യന്‍ പരിശീലകയായിരുന്ന പി.വി.പ്രിയയുടെ കീഴിലാണ് ഷിൽജി അവിടെ പരിശീലനം ആരംഭിച്ചത്. പതിനഞ്ചാം വയസിലാണ് അണ്ടര്‍ 17 കേരള ടീമില്‍ സെലക്ഷൻ ലഭിക്കുന്നത്. ആസാമില്‍ നടന്ന നാഷണല്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ മഴ പെയിടീച്ചതോടെ ഷിൽജിയിലെ പ്രതിഭയെ രാജ്യം തിരിച്ചറിയുകയായിരുന്നു. ടൂർണമെന്റിൽ 12 ഗോളുകളാണ് ഷിൽജിയുടെ ബൂട്ടിൽ നിന്ന് പിറന്നത്.

തുടർന്ന് 2023 ജനുവരിയില്‍ ഷില്‍ജി ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തില്‍ നിന്ന് മൂന്നു പേര്‍ മാത്രം. ജോര്‍ദാന് എതിരെയുള്ള സൗഹൃദ മത്സരത്തില്‍ ഇന്ത്യ നേടിയ പതിനൊന്ന് ഗോളില്‍ എട്ടും ഷിൽജിയുടേതായിരുന്നു. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയില്‍ നടന്ന സാഫ് കപ്പ് ടൂർണമെന്റിൽ ഇന്ത്യന്‍ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയതിനുള്ള ഗോൾഡൻ ബൂട്ട് മലയോര കുടിയേറ്റ ഗ്രാമത്തിന്റെ അഭിമാന താരത്തിനായിരുന്നു. ആ വർഷം കേരളത്തിലെ മികച്ച വനിതാതാരമായി ഷില്‍ജി തിരഞ്ഞെടുക്കപ്പെട്ടു. 2022-23 ലെ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ എമർജിംഗ് പ്ലെയർ ഓഫ് ദ ഇയർ അവാർഡ് ഷിൽജിക്കായിരുന്നു. നാട്ടുകാരും, വീട്ടുകാരും നൽകുന്ന പിന്തുണയാണ് തന്റെ വിജയത്തിന് പിന്നിലെന്ന് പറയാൻ ഷിൽജിക്ക് നൂറ് നാവാണ്. ഖസാക്കിസ്ഥാനിലും രാജ്യത്തിനായി ഷിൽജിയുടെ കാലിൽ നിന്ന് ഗോൾ മഴ പെയ്യുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഷിൽജിയുടെ നാട്… കക്കയം.. 

അച്ഛന്റെ സ്വപ്ന സാക്ഷാത്കാരമാണ് ഈ മകളുടെ ഓരോ ഗോളും, നേട്ടവും

വർഷങ്ങൾക്കുമുമ്പ് ജില്ലയിലെ മലയോര കുടിയേറ്റ ഗ്രാമമായ കക്കയത്തെയും, കൂരാച്ചുണ്ടിലെയും അറിയപ്പെടുന്ന ഫുട്ബോൾ താരമായിരുന്നു ഷിൽജിയുടെ അച്ഛൻ ഷാജി ജോസഫ്. എന്നാൽ, ജീവിതത്തിലെ കണക്കുകൂട്ടലുകളിൽ പലപ്പോഴും റെഡ്‌കാർഡ് ഉയർന്നപ്പോൾ ഫുട്‌ബോൾ എന്ന സ്വപ്നം ഷാജിക്ക് പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. കേരളോത്സവം ടൂർണമെന്റിൽ കേരളയ്ക്കു വേണ്ടി ബൂട്ടണിഞ്ഞ ഷിൽജി കോഴിക്കോട്ടെ പ്രമുഖ അഖിലേന്ത്യാ ടീമായിരുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് കോഴിക്കോടിൻ്റെ മുന്നേറ്റനിര താരമായിരുന്നു. മലപ്പുറത്ത് നടന്ന അഖിലേന്ത്യാ മത്സരത്തിനിടെ കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് രണ്ടുവർഷം ചികിത്സയിലായിരുന്നു. എന്നാൽ, പിന്നീട് ഗ്രൗണ്ടിലിറങ്ങാൻ ഷാജിക്ക് സാധിച്ചില്ല. ഇനിയും പരിക്കേറ്റ് വീട്ടിലിരിക്കേണ്ടി വരുമോ എന്ന ഭയം കാരണം കളി അവസാനിപ്പിച്ചു. ഫുട്ബോളിൽ നിന്ന് കാര്യമായ വരുമാനം ലഭിക്കാത്തതും ജേഴ്സി അഴിക്കാൻ കാരണമായി. പകരം ഷാജി കൂലിപ്പണിക്കാരൻ്റെ കുപ്പായമെടുത്തിട്ടു. ഐഎൻടിയുസി ലോഡിങ് തൊഴിലാളിയായും മരംപണിക്കാരനായും, മണൽ വാരൽ തൊഴിലാളിയായും കഠിനാധ്വാനം ചെയ്ത് കുടുംബത്തെ കരകയറ്റി.

ഇതിനിടയിലും പഴയഗ്രൗണ്ടും, ഗാലറിയിലെ ശബ്ദകോലാഹങ്ങളും ഷാജിയുടെ മനസ്സിലേക്കെത്തും. മക്കളായ ഷിൽനയിലും, ഷിൽജിയിലും ആയിരുന്നു പ്രതീക്ഷ. മൂത്തമകളായ ഷിൽനയ്ക്ക് ഫുട്‌ബോളിനോട് താത്പര്യം കുറവായിരുന്നു. എന്നാൽ, അത്ലറ്റിക്സിൽ തുടക്കം കുറിച്ച ഇളയമ കൾ അഞ്ചാംക്ലാസിൽ വെച്ചു തന്നെ ഫുട്‌ബോളിലേക്ക് മാറി. അച്ഛന്റെ ഫുട്ബോൾ ഇഷ്ടം തന്നെയാണ് കാരണമെന്ന് ഷിൽജി ഇന്നും പറയുന്നു. പടവുകൾ ഓരോന്നായി ചവിട്ടിക്കയറിയ ഷിൽജി ഒടുവിൽ പതിനാറാം വയസ്സിൽ അച്ഛൻ ഒരിക്കൽ സ്വപ്നം കണ്ട ഇന്ത്യൻ ജേഴ്‌സി അണിഞ്ഞു. ബംഗ്ലാദേശിൽ നടന്ന ജൂനിയർ സാഫ് കപ്പ് ടൂർണമെന്റിൽ മൂന്നാം സ്ഥാനം നേടിയ ഇന്ത്യൻ ടീമിനായി എട്ടുഗോൾ നേടി ടോപ്സ്കോററായി വിജയത്തിൽ നിർണായക സാന്നിധ്യമായി ഷിൽജി മാറി.

ഓൾ ഇന്ത്യ ഫെഡറേഷന്റെ മികച്ച ഭാവിതാരത്തിനുള്ള പുരസ്‌കാരവും, കേരളത്തിലെ മികച്ച വനിതാ താരത്തിനുള്ള പുരസ്കാരവും ഷിൽജിയെ തേടിയെത്തിയിരുന്നു. എറണാകുളത്ത് നടന്ന സ്കൂൾ മേളയുടെ ഉദ്ഘാടന വേദിയിൽ ദീപശിഖ വഹിച്ചതിനൊപ്പം താരങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തതും ഷിൽജിയാണ്. അമ്മ എൽസി, സഹോദരി ഷിൽന, മുത്തശ്ശി മേരി എന്നിവർ ഷിൽജിക്ക് പൂർണ പിന്തുണ നൽകുന്നുണ്ട്.

Leave a Reply

Your email address will not be published.

Previous Story

കേരള സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ഡൽഹിയിലേക്ക്

Next Story

ഫ്രഷ് കട്ട് സമരം  ജുഡീഷൽ അന്വേഷണം നടത്തണം: എം.എ റസാഖ് മാസ്റ്റർ

Latest from Local News

കീഴരിയൂരിൽ ഇത്തവണ യുഡിഎഫ് അധികാരത്തിൽ വരും , കെ.പ്രവീൺ കുമാർ – കീഴരിയൂരിൽ യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

കീഴരിയൂർ. തങ്കമല ക്വാറിക്ക് കണ്ണടച്ച് അനുമതി നൽകിയ കീഴരിയൂരിലെ സി പി എം ഭരണത്തിന് ജനം രാഷ്ടീയം നോക്കാതെ സമ്മതിദാന അവകാശം

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് മഹാഭൂരിപക്ഷം നേടും – പി. മോഹനൻ

തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തുടനീളം ഇടതുമുന്നണി ഉശിരൻ വിജയം നേടുമെന്നും സംസ്ഥാനത്ത് എൽഡിഎഫിന്റെ തുടർഭരണം ഉണ്ടാകുമെന്നും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.

വിവരാവകാശ നിയമത്തിൽ ഒഴികഴിവുകൾക്ക് ഇടമില്ലെന്ന് വിവരാവകാശ കമീഷണർ

വിവരാവകാശ നിയമപ്രകാരം വിവരം നൽകാതിരുന്നാലോ വിവരം നൽകാൻ താമസിച്ചാലോ ഒഴികഴിവുകൾ പറഞ്ഞ് ഉദ്യോഗസ്ഥർക്ക് രക്ഷപ്പെടാൻ വിവരാവകാശ നിയമത്തിൽ വ്യവസ്ഥകളില്ലെന്ന് സംസ്ഥാന വിവരാവകാശ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15-11-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15-11-2025 ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ ഷിജി ‘പി.വി ഓർത്തോവിഭാഗം ഡോ അനീൻകുട്ടി