കൊയിലാണ്ടി പന്തലായനിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ മരണത്തില്‍ സംശയം. മുത്താമ്പി റോഡിലെ അണ്ടര്‍പാസില്‍ നിന്നും കൊല്ലം ഭാഗത്തേക്കുളള സര്‍വ്വീസ് റോഡിന് സമീപം താമസിക്കുന്ന തിയ്യത്ത് സൗദാമിനി(73) യെയാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം സ്വാഭാവിക മരണമാണെന്നാണ് വിശ്വസിച്ചിരുന്നതെങ്കിലും മൃതദേഹത്തില്‍ കാണപ്പെട്ട ചില പരിക്കുകളും ചോരപ്പാടുകളുമാണ് മരണകാരണം കൊലപാതകമാണോയെന്ന സംശയം ഉണ്ടാക്കിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്ത മൃതദേഹം വീട്ടു വളപ്പില്‍ സംസ്‌ക്കരിച്ചു.
സൗദാമിനി അവിവാഹിതയാണ്. ഇവരോടൊപ്പം താമസിച്ച സഹോദരി പത്മിനി അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ്. അതു കൊണ്ട് സൗദാമിനി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. രാവിലെ ചായ കൊണ്ടു കൊടുക്കാന്‍ അയല്‍വാസി എത്തിയപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് എല്ലാ വശവും അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.