ശബരിമല ദർശനത്തിനായി എത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടിൽ സ്വീകരണം നൽകി. രാവിലെ 8.40ന് പ്രത്യേക ഹെലികോപ്റ്ററിൽ എത്തിയ രാഷ്ട്രപതിയെ ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ആൻ്റോ ആൻ്റണി എംപി, കെ യു ജനീഷ് കുമാർ എം എൽ എ, പ്രമോദ് നാരായണ്‍ എം എല്‍ എ, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ജില്ലാ പൊലീസ് മേധാവി ആര്‍ ആനന്ദ് എന്നിവരും സ്വീകരിക്കാനുണ്ടായിരുന്നു.
രാഷ്ട്രപതി 11.55 മുതൽ 12.25 വരെ ശബരിമലയിലുണ്ടാകും. വൈകീട്ട് തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന രാഷ്ട്രപതി ഗവർണർ നടത്തുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കും. 23ന് രാവിലെ രാജ്‌ഭവൻ വളപ്പിൽ മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ പ്രതിമ അനാച്ഛാദനം ചെയ്യും. വ്യാഴാഴ്ച വർക്കല ശിവഗിരിയിൽ ശ്രീനാരായണ ഗുരു മഹാസമാധിയുടെ ശതാബ്ദി പരിപാടിയും വൈകിട്ട് 4.15ന് കോട്ടയം പാലാ സെൻ്റ് തോമസ് കോളേജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷം സമാപനവും ഉദ്‌ഘാടനം ചെയ്യും. അന്ന് കോട്ടയം കുമരകത്ത് തങ്ങുന്ന രാഷ്ട്രപതി, വെള്ളിയാഴ്ച എറണാകുളം സെൻ്റ് തെരേസാസ് കോളേജിൻ്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുത്ത ശേഷം, 1.20ന് കെച്ചി നേവൽ ബേസിൽനിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തി നാവികസേനയുടെ പ്രത്യേക വിമാനത്തിൽ ദില്ലിയിലേക്ക് മടങ്ങും.
സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതിയെ കൊടിമരച്ചുവട്ടിൽ വെച്ച് തന്ത്രി കണ്ഠര് മഹേഷ് മോഹനർ പൂർണ്ണകുംഭം നൽകി സ്വീകരിക്കും. ഉച്ചയ്ക്ക് 12.20 ന് ദർശനത്തിനുശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസിൽ വിശ്രമിക്കും. രാഷ്ട്രപതി ദർശനം കഴിഞ്ഞ് മടങ്ങുന്നതുവരെ മറ്റു തീർത്ഥാടകർക്ക് നിലയ്ക്കലിനപ്പുറം പ്രവേശനം ഉണ്ടായിരിക്കില്ല. ദർശനം കഴിഞ്ഞ ശേഷം രാത്രിയോടെ തിരിച്ച് തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി, ഹോട്ടൽ ഹയാത്ത് റീജൻസിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നൽകുന്ന അത്താഴവിരുന്നിൽ പങ്കെടുക്കും. ഒക്ടോബർ 24-നാണ് രാഷ്ട്രപതി തിരിച്ച് ഡൽഹിക്ക് മടങ്ങുക. രാഷ്ട്രപതിക്ക് ദേവസ്വം ബോർഡിൻ്റെ ഉപഹാരമായി കുമ്പിളിൻ്റെ തടിയിൽ കൊത്തിയെടുത്ത അയ്യപ്പ രൂപം നൽകും.