കൊയിലാണ്ടി : പള്ളുരുത്തി സ്കൂളിലെ വിദ്യാർഥിനിക്ക് ഹിജാബ് വിലക്കേർപ്പെടുത്തിയ സംഭവം മതനിരപേക്ഷ സമൂഹത്തിന് യോജിക്കാത്തതും ഭരണഘടന പൗരന് നൽകുന്ന മൗലികാവകാശ ലംഘനവുമാണെന്ന് വിസ്ഡം സ്റ്റുഡൻ്റ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച വിദ്യാർത്ഥി സംഗമം അഭിപ്രായപ്പെട്ടു. ഭരണഘടനാ അവകാശങ്ങൾ നിഷേധിക്കുകയും, അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിച്ച് സാമുദായിക ധ്രുവീകരണത്തിന് ആക്കം കൂട്ടുകയും ചെയ്യുന്ന വിഭാഗങ്ങൾക്കെതിരെ എല്ലാവരും ജാഗ്രത പുലർത്തണം.
ഒരു വിഭാഗങ്ങളുടെയും മൗലികാവകാശങ്ങൾ നിഷേധിച്ച് കൊണ്ടല്ല യൂണിഫോം സംവിധാനം ലോകത്ത് നടപ്പിലാക്കി വരുന്നത് എന്നത് സമൂഹം ഗൗരവമായി മുഖവിലക്കെടുക്കണം. പരസ്പരം സഹകരിച്ചും, ഉൾക്കൊണ്ടും സാമൂഹിക ജീവിതം നയിച്ച് പോരുന്ന നമ്മുടെ രാജ്യത്ത് നിലനിൽക്കുന്ന സൗഹാർദ്ദാന്തരീക്ഷം തകർക്കാനാണ് ഇത്തരം വിവാദങ്ങൾ സൃഷ്ടിക്കുന്നതിലൂടെ ബന്ധപ്പെട്ടവർ ശ്രമിക്കുന്നത്.
സർക്കാർ അംഗീകാരം നൽകുന്ന സ്ഥാപനങ്ങളിൽ പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയിൽ മതപരമായ മാലികാവകാശങ്ങൾ ലംഘിക്കപ്പെടുന്നുണ്ടോ എന്ന് അന്വേഷിക്കാനും, കുട്ടികളിൽ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നുണ്ടോ എന്നത് പരിശോധിക്കാനും സർക്കാർ മുന്നോട്ട് വരണം
പൊയിൽക്കാവ് നടനം ഓഡിറ്റോറിയത്തിൽ നടന്ന CRE വിദ്യാർത്ഥി സംഗമം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കൊയിലാണ്ടി മണ്ഡലം സെക്രട്ടറി സലീം എൻ എൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് മുസിയാഫ് മദനി അധ്യക്ഷത വഹിച്ചു. മുജാഹിദ് ബാലുശ്ശേരി, അംജദ് മദനി എന്നിവർ കുട്ടികൾക്ക് ക്ലാസുകൾ നടത്തി. ശരീഫ് കൊയിലാണ്ടി, ആമിൽ ജമാൽ, ഷിനാസ് കൊയിലാണ്ടി എന്നിവർ സംവദിച്ചു.