മഴ ശക്തമായതോടെ ദേശീയ പാതാനിര്‍മ്മാണ പ്രവൃത്തി പലയിടത്തും തടസ്സപ്പെടുന്നു. നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം മഴ കാരണം ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയാണ്. കുന്നുകള്‍ ഇടിച്ചു കൊണ്ടു വരുന്ന ചേടി മണ്ണ് റോഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതിനാല്‍ മഴ പെയ്താല്‍ റോഡാകെ ചെളിക്കളമാകും. മണ്ണ് കൊണ്ടു വരുന്ന വലിയ ടോറസ് ലോറികള്‍ക്ക് കടന്നു പോകാന്‍ കഴിയുന്നില്ല. കൊയിലാണ്ടി ടൗണിലെ തിരക്ക് കാരണം കാറുകളും ഇരുചക്രവാഹനങ്ങളും ചെങ്ങോട്ടുകാവ് ബൈപ്പാസിലൂടെ വന്ന് കുന്ന്യോറമല കടന്നു പോകുന്നുണ്ട്. പുത്തലത്ത് കുന്നിനും കൊല്ലം അടിപ്പാതയ്ക്കും ഇടയില്‍ ചെമ്മണ്ണ് കുഴഞ്ഞു മറിഞ്ഞു കിടക്കുന്നതിനാല്‍ ഇരു ചക്രവാഹനങ്ങളില്‍ പോകുന്നവര്‍ക്ക് അപകട സാധ്യതയേറെയാണ്. ഒട്ടനവധി യാത്രക്കാര്‍ ചെളിയില്‍ തെന്നി വീണു അപകടത്തില്‍ പെട്ടിട്ടുണ്ട്. പ്രവൃത്തി നടക്കുന്ന സ്ഥലത്ത് കൂടി വാഹന ഗതാഗതത്തിന് നിയന്ത്രണമുണ്ടെന്ന് കാണിച്ച് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഗതാഗതം കര്‍ശനമായി തടഞ്ഞിട്ടില്ല. കൊല്ലം അടിപ്പാതയ്ക്കും പന്തലായനിയ്ക്കും ഇടയിലാണ് റോഡ് നിര്‍മ്മാണം കാര്യമായി മുന്നേറാനുളളത്.
പൊയില്‍ക്കാവില്‍ അണ്ടര്‍പാസിന് ഇരുവശത്തും ഇപ്പോഴും പ്രവൃത്തി മെല്ലെയാണ് നീങ്ങുന്നത്. ഈ ഭാഗത്താണ് ഇപ്പോള്‍ വലിയ തോതില്‍ ഗതാഗത തടസ്സമുള്ളത്. അണ്ടര്‍പാസിനന് ഇരുവശത്തും ആറ് വരി പാത നിര്‍മ്മാണം പൂര്‍ത്തിയായെങ്കില്‍ മാത്രമേ പൊയില്‍ക്കാവിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുകയുള്ളു. ശക്തമായ മഴ പെയ്യുമ്പോള്‍ ഇവിടെ പ്രവൃത്തി നടത്താന്‍ പറ്റാത്ത അവസ്ഥയാണ്. തൊഴിലാളികളുടെ കുറവും മറ്റൊരു വിഷയമാണ്. മിക്ക തൊഴിലാളികളും ദീപാവലി ആഘോഷത്തിന് നാട്ടില്‍ പോയിരിക്കുകയാണ്.
ശക്തമായ മഴയില്‍ കൊല്ലം കുന്ന്യോറമലയില്‍ സോയില്‍ നെയ്‌ലിംങ്ങ് ചെയ്ത സ്ഥലത്ത് ചെറിയ തോതില്‍ മണ്ണിടിയുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. മണ്ണിടിച്ചില്‍ ഭീഷണിയുളള സ്ഥലം ഏറ്റെടുക്കാന്‍ എന്‍ എച്ച് എ ഐ തീരുമാനിച്ചിട്ടുണ്ടെന്ന് ഷാഫി പറമ്പില്‍ എം പി നേരത്തെ അറിയിച്ചിരുന്നു. സ്ഥലം ഏറ്റെടുത്താല്‍ മലയുടെ ഇരു ഭാഗവും തട്ട് തട്ടായി തിരിച്ചു മണ്ണെടുത്ത് മാറ്റിയാലെ അപകട ഭീഷണി മാറുകയുള്ളൂ.