കോഴിക്കോട്: പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എം പിക്ക് മർദനമേറ്റതിൽ രണ്ട് ഡിവൈഎസ്‍പിമാരെ സ്ഥലംമാറ്റി.വടകര,പേരാമ്പ്ര ഡിവൈഎസ്പിമാരെയാണ് സ്ഥലം മാറ്റിയത്. പേരാമ്പ്ര ഡിവൈഎസ്‍പി എൻ.സുനിൽ കുമാറിനെ കോഴിക്കോട് സിറ്റി ക്രൈം ബ്രാഞ്ച് എസിപിയായും വടകര ഡിവൈഎസ്‍പി എൻ. ഹരിപ്രസാദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് എസിപിയായുമാണ് മാറ്റിയത്. പേരാമ്പ്ര സംഘര്‍ഷത്തില്‍ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എം പി നേരത്തെ പരാതി നൽകിയിരുന്നു .
രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള പൊലീസ് മർദിച്ചെന്നും റൂറൽ എസ് പി പരസ്യമായി സമ്മതിച്ച സാഹചര്യത്തിൽ പൊലീസുകാർക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. സ്പീക്കർക്കും പ്രിവിലേജ് കമ്മിറ്റിക്കുമാണ് ഷാഫി പരാതി നൽകിയത്. വടകര ഡിവൈഎസ്‍പി ഹരിപ്രസാദ്, പേരാമ്പ്ര ഡിവൈഎസ്‍പി എൻ.സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് തന്നെ ആക്രമിച്ചെന്നുമായിരുന്നു പരാതിയിലുണ്ടായിരുന്നത്.