കിനാലൂർ ഡോ. ബി ആർ അംബേദ്കർ മെമ്മോറിയൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ പുതിയതായി നിർമ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം ഒക്ടോബർ 21 ന് പകൽ 11 മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിക്കും. സംസ്ഥാന സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 11.2 കോടി ചെലവിൽ നിർമ്മിച്ച അക്കാദമിക് ബ്ലോക്ക്, കാന്റീൻ, വനിതാ ഹോസ്റ്റൽ എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിക്കുക.
ചടങ്ങിൽ കെ എം സച്ചിൻ ദേവ് എം എൽ എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി, കോളേജ് വിദ്യാഭ്യാസ ഡയറക്ടർ കെ സുധീർ, മുൻ എംഎൽഎ പുരുഷൻ കടലുണ്ടി എന്നിവർ മുഖ്യാതിഥികൾ ആവും.
2013- 14 ൽ കിനാലൂർ ഈസ്റ്റ് ജി എൽ പി സ്കൂളിൽ താൽക്കാലികമായി പ്രവർത്തനമാരംഭിച്ച കോളേജ് 2019- 20 ലാണ് കിനാലൂരിൽ വ്യവസായ വകുപ്പ് അനുവദിച്ച അഞ്ച് ഏക്കർ സ്ഥലത്തേക്ക് മാറുന്നത്. നിലവിൽ മൂന്ന് യുജി കോഴ്സുകളിലും ഒരു പിജി കോഴ്സിലുമായി 500 ഓളം വിദ്യാർഥികളാണുള്ളത്.