ഇടതു എംഎൽഎയെ പരിപാടിയ്ക്കിടെ പുകഴ്ത്തി; കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ പദവിയിൽ നിന്ന് നീക്കി

ഇടത് സ്വതന്ത്ര എംഎൽഎയെ പുകഴ്ത്തിയ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ ഡിസിസി പ്രസിഡന്റ് നീക്കം ചെയ്തു. കുന്ദമംഗലം എംഎൽഎ പി.ടി.എ.റഹീമിനെയാണ് കോൺഗ്രസ് കൊടുവള്ളി സൗത്ത് മണ്ഡലം പ്രസിഡന്റ് സി.കെ.ജലീൽ പുകഴ്ത്തിയത്. വ്യാഴാഴ്ച ചാത്തമംഗലം ഗ്രാമപ്പഞ്ചായത്തിലെ മുട്ടയം വാർഡിലെ മനയേടത്തുകുഴി – കുന്നത്ത്കുഴി റോഡിന്റെ പ്രവൃത്തി ഉദ്ഘാടന ചടങ്ങിൽ സ്വാഗതം പറയുന്നതിനിടെയാണ് ഉദ്ഘാടകനും സ്വന്തം നാട്ടുകാരനുമായ പി.ടി.എ.റഹീമിനെ ജലീൽ പുകഴ്ത്തിപ്പറഞ്ഞത്. മൂന്ന് തവണ കുന്ദമംഗലത്ത് എംഎൽഎയായ പി.ടി.എ.റഹീം ഇനിയും ജയിച്ച് എംഎൽഎ ആവട്ടെയെന്നും എംഎൽഎ ആയാൽ മന്ത്രിയാകാൻ യോഗ്യതയുള്ള ആളാണെന്നും അടുത്ത തവണ കൊടുവള്ളിയിൽ മത്സരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നുമാണ് ജലീൽ പറഞ്ഞത്.
മാത്രമല്ല ഏത് സമയത്ത് വിളിച്ചാലും, അത് നട്ടപ്പാതിരക്കായാൽ പോലും ഫോൺ എടുക്കുന്ന ആളാണ് പി.ടി.എ.റഹീം എന്നും ജലീൽ പ്രസംഗത്തിൽ പറഞ്ഞു.

ജലീലിന്റെ പ്രസംഗം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കോൺഗ്രസിൽ നിന്നും മുസ്‌ലിം ലീഗിൽ നിന്നും ജലീലിനെതിരെ എതിർപ്പ് ഉയർന്നു. കോൺഗ്രസ് ചാത്തമംഗലം മണ്ഡലം കമ്മിറ്റിയും മുസ്‌ലിം ലീഗ് ചാത്തമംഗലം പഞ്ചായത്ത് കമ്മിറ്റിയും ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാറിന് പരാതി നൽകി. ഇതോടെ ജലീലിനെ കോൺഗ്രസ് കൊടുവള്ളി സൗത്ത് മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഡിസിസി പ്രസിഡന്റ് നീക്കം ചെയ്യുകയായിരുന്നു. വ്യക്തിപരമായ ചില പ്രയാസങ്ങൾ ഉള്ളതിനാൽ കോൺഗ്രസ് കൊടുവള്ളി സൗത്ത് മണ്ഡലം പ്രസിഡന്റ് സ്ഥാനം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറിനിൽക്കാൻ ആഗ്രഹിക്കുന്നതിനാൽ തന്റെ രാജി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റിന് കത്തു നൽകുകയായിരുന്നെന്നാണ് ജലീൽ പറയുന്നത്.

ചാത്തമംഗലം പഞ്ചായത്തിലെ മുട്ടയം വാർഡിൽ ജലീലിന് ഭൂമിയുണ്ട്. മനയേടത്തുകുഴി – കുന്നത്ത്കുഴി റോഡ് നിർമാണത്തിന് വേണ്ടി ജലീൽ ഭൂമി നൽകിയിരുന്നു. ഈ റോഡിന് പി.ടി.എ.റഹീം എംഎൽഎ 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിന്റെ പ്രവൃത്തി ഉദ്ഘാടന ചടങ്ങിലേക്ക് നാട്ടുകാർ ജലീലിനെ ക്ഷണിക്കുകയായിരുന്നു.

കൊടുവളളി കെഎംഒ കോളേജ്‌ യൂണിയൻ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച് വിജയിച്ച കെഎസ് യു എംഎസ്എഫിനെതിരെ കൊടുവള്ളി ടൗണിൽ ‘എംഎസ്എഫ് തോറ്റു, മതേതരത്വം ജയിച്ചു’ എന്നെഴുതിയ ബാനറുമായി പ്രകടനം നടത്തിയത് വിവാദമായിരുന്നു. ഇതേ തുടർന്ന് രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ കൊടുവള്ളി നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറിയും യുഡിഎഫ് നിയോജക മണ്ഡലം കൺവീനറുമായ കെ.കെ.എ.കാദർ ഫേസ് ബുക്കിൽ കുറിപ്പിട്ടിരുന്നു. ഇതിനെതിരെ സി.കെ.ജലീൽ രംഗത്തുവന്നിരുന്നു.രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ നടത്തിയ അവഹേളന പ്രസ്താവന പ്രതിഷേധാർഹമാണെന്നും കാദറിനെ പാർട്ടിയുടെയും യുഡിഎഫിന്റെയും സ്ഥാനങ്ങളിൽ നിന്ന് മാറ്റിനിർത്തണമെന്നും മണ്ഡലത്തിലെ ഒരു കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എംഎസ്എഫ് നേരിട്ട തോൽവിയെ മറച്ചു പിടിക്കാൻ കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാക്കളെ അഭയാർഥികൾ എന്ന് വിശേഷിപ്പിച്ചവർ ബനാത്ത് വാലയും, ഇബ്രാഹിം സുലൈമാൻ സേട്ടുവും ദേശാടനക്കിളികളായി കേരളത്തിൽ വന്നത് ഓർമവേണമെന്നും ജലീൽ പ്രസ്താവനയിറക്കിയിരുന്നു.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കരീറ്റിപ്പറമ്പ് വെസ്റ്റ് ഡിവിഷനിലും അതിന് മുൻപ് പ്രാവിൽ ഡിവിഷനിലും സ്ഥാനാർഥിയായി ജലീൽ കൊടുവള്ളി നഗരസഭയിലേക്ക് മത്സരിച്ചിരുന്നു. രണ്ട് തവണയും വിജയിക്കാനായില്ല. രണ്ട് തവണയും യുഡിഎഫിന് വൻ ഭൂരിപക്ഷമുള്ള ഡിവിഷനുകളിൽ മുസ്‌ലിം ലീഗാണ് തന്നെ പരാജയപ്പെടുത്തിയതെന്നാണ് ജലീൽ ആരോപിച്ചിരുന്നത്.

കെഎസ് യു വിലൂടെയാണ് ജലീൽ രാഷ്ടീയ രംഗത്ത് എത്തിയത്. കെഎസ് യു വിന്റെ കൊടുവള്ളി ഹൈസ്കൂൾ യൂണിറ്റ് പ്രസിഡന്റ്, കൊടുവള്ളി മണ്ഡലം പ്രസിഡന്റ്, ജില്ലാ ട്രഷറർ , സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, യൂത്ത് കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, കോഴിക്കോട് പാർലമെന്റ് മണ്ഡലം സെക്രട്ടറി, രണ്ട് തവണ നിയോജക മണ്ഡലം പ്രസിഡന്റ്, കൊടുവള്ളി നിയോജക മണ്ഡലം ജവഹർ ബാലവേദി പ്രസിഡന്റ്, ഐഎൻടിയുസി കൊടുവള്ളി നിയോജക മണ്ഡലം റീജിയണൽ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച ജലീൽ നിലവിൽ മോട്ടോർ തൊഴിലാളി യൂണിയൻ (ഐഎൻടിയുസി) ജില്ലാ വൈസ് പ്രസിഡന്റാണ്.

Leave a Reply

Your email address will not be published.

Previous Story

ഷാഫിപറമ്പിൽ എംപിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച പോലീസുകാരെയും സർക്കാരിനേയും രക്ഷിക്കാനായി നിരപരാധികളെ കള്ളക്കേസിൽ കുടുക്കിയെന്ന് സണ്ണി ജോസ് എംഎൽഎ

Next Story

ടൂറിസം വകുപ്പ് മേഖലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

Latest from Main News

കേരളത്തിലെ എസ്ഐആറിന് ശേഷമുള്ള അന്തിമപട്ടിക പ്രസിദ്ധീകരിക്കുന്നത് വൈകിയേക്കും

കേരളത്തിലെ എസ്ഐആറിന് ശേഷമുള്ള അന്തിമപട്ടിക പ്രസിദ്ധീകരിക്കുന്നത് വൈകിയേക്കും. എസ്ഐആര്‍ കരട് പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് പരാതി ഉന്നയിക്കാനുള്ള സമയം നീട്ടി നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

ഗുരുവായൂർ-തൃശ്ശൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് അനുവദിച്ചു

തൃശ്ശൂർ: ഗുരുവായൂർ-തൃശ്ശൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് അനുവദിച്ചു. ഇതു സംബന്ധിച്ച് കേന്ദ്ര റെയിൽ മന്ത്രാലയം ഇറക്കിയ ഉത്തരവ് കേന്ദ്ര

കണ്ടക്ടറെ ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് 22 – ന് വടകരയിൽ സ്വകാര്യ ബസ്സ് സമരം

വടകര പുതിയ ബസ് സ്റ്റാൻഡിൽ ബസ് ട്രാക്കിലേക്ക് എടുക്കുന്നതിനിടെ പിറകിൽ നിന്നും മാറാൻ ആവശ്യപ്പെട്ട കണ്ടക്ടറെ തലയ്ക്കടിച്ചു വീഴ്ത്തിയ അക്രമിയെ ആഴ്ചകൾ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീണവാദനത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും എ ഗ്രേഡ് നേടി പ്രത്യുഷ് പ്രശോഭും മിത്രവിന്ദ രൺദീപും

ഇന്നലെ തൃശൂരിൽവെച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീണ വാദനത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും എ ഗ്രേഡ് നേടി

സംസ്ഥാനത്തെ കലാ, കായിക, അക്കാദമിക മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂളുകൾക്കായി പ്രത്യേക അവാർഡ് ഏർപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്തെ കലാ, കായിക, അക്കാദമിക മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂളുകൾക്കായി പ്രത്യേക അവാർഡ് ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി.