2026 ലെ പുതുവത്സര സമ്മാനമായി ആറുവരി ദേശീയപാത സമർപ്പിക്കും -മന്ത്രി പി എ മുഹമ്മദ് റിയാസ്

കാസർകോട് മുതൽ തിരുവനന്തപുരം വരെ 45 മീറ്ററിൽ ആറുവരിപ്പാതയായി വികസിപ്പിച്ച ദേശീയപാത, 2026ലെ പുതുവത്സര സമ്മാനമായി നാടിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിഷൻ 2031 പൊതുമരാമത്ത് വകുപ്പ് സെമിനാർ കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
2016ൽ അധികാരത്തിൽ വന്ന സർക്കാരും മുഖ്യമന്ത്രിയും നടത്തിയ ഇഛാശക്തിയോടെയുള്ള ഇടപെടലാണ് മലയാളിയുടെ ചിരകാല സ്വപ്നമായ ദേശീയപാത 66ന്റെ വികസനം സാധ്യമാക്കിയത്. സർക്കാർ അധികാരത്തിൽ വരുമ്പോൾ ദേശീയപാതയുടെ കാര്യത്തിൽ രണ്ട് വഴികളാണ് മുമ്പിലുണ്ടായിരുന്നത്. ഒന്നുകിൽ പദ്ധതി ഉപേക്ഷിക്കുക, അല്ലെങ്കിൽ ഫണ്ട് കണ്ടെത്തുക. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ദേശീയ പാത വികസനത്തിന് ഫണ്ട് കണ്ടെത്താൻ ഒരു സംസ്ഥാനം തീരുമാനിച്ചു. പദ്ധതി യാഥാർഥ്യമാക്കാൻ 5580 കോടി രൂപയാണ് സംസ്ഥാനം ചെലവഴിച്ചത്. കേരളത്തിന്റെ സമഗ്ര വികസനത്തിന് വഴിതുറക്കുന്ന ഒന്നായി ദേശീയപാത വികസനം മാറുമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തെ ഏറ്റവും മികച്ച പശ്ചാത്തല സൗകര്യമുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തിലേക്കാണ് പൊതുമരാമത്ത് വകുപ്പ് ചുവടുവെക്കുന്നത്. സംസ്ഥാന രൂപീകരണത്തിന്റെ 75-ാം വാർഷികമായ 2031ൽ പശ്ചാത്തല വികസനത്തിൻ്റെ ഹബ്ബാക്കി കേരളത്തെ ഉയർത്തുകയാണ് ലക്ഷ്യം. കഴിഞ്ഞ ഒമ്പതര വർഷത്തിനിടെ വികസന മേഖലയിൽ വൻ കുതിപ്പ് സൃഷ്ടിക്കാൻ നമുക്കായി. ഗ്രാമീണ മേഖലയിൽ അടക്കം ബി എം – ബി സി റോഡുകൾ ഉള്ള അപൂർവ്വം ഇടങ്ങളിൽ ഒന്നായി കേരളം മാറിയെന്നും മന്ത്രി പറഞ്ഞു.

താമരശ്ശേരി ചുരത്തിലെ മൂന്ന് ഹെയർപിൻ വളവുകൾ നവീകരിക്കാൻ പദ്ധതി നടപ്പാക്കിവരികയാണ്. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം റോഡ് വികസനപദ്ധതികൾക്കു വേണ്ടി മാത്രം 35,000 കോടിയോളം രൂപ അനുവദിച്ചു. 8200 കിലോമീറ്ററിലേറെ റോഡുകൾ നവീകരിച്ചു. പകുതിയിൽ അധികം പൊതുമരാമത്ത് റോഡുകൾ ബി എം – ബി സി നിലവാരത്തിലേക്ക് ഉയർത്തുമെന്ന പ്രഖ്യാപനവും നടപ്പിലാക്കി. മലയോര പാത, തീരദേശ പാത എന്നിവ പൂർത്തിയാക്കി കേരളത്തിന്റെ റോഡ്ശൃംഖലയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തിനടുത്താണ് നമ്മൾ ഉള്ളതെന്നും മന്ത്രി പറഞ്ഞു.

നഗരങ്ങളിൽ സ്മാർട്ട് റോഡുകൾ സജ്ജമാക്കി റോഡ് ഗതാഗതം കൂടുതൽ മെച്ചപ്പെടുത്താൻ കഴിഞ്ഞു. പൊതുമരാമത്തു വകുപ്പിൻ്റെ കീഴിലുള്ള നിരത്തുകൾ “സ്മാർട്ട് ഡിസൈൻ റോഡുകൾ” ആയി നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കും. 2031 ഓടെ 100% റോഡുകളും ആധുനിക നിലവാരത്തിലേയ്ക്ക് ഉയർത്താൻ ലക്ഷ്യമിടുന്നു. സംസ്ഥാന പാതകൾ 4 വരി ഡിസൈൻ റോഡായും പ്രധാന ജില്ലാ റോഡുകൾ 2 വരി ഡിസൈൻ റോഡ് ആയും ഘട്ടം ഘട്ടമായി ഉയർത്തും. വാഹന ബാഹുല്യമുള്ള നഗരങ്ങളിൽ പ്രധാന പാതകളിൽ എലിവേറ്റഡ് ഹൈവേയും നിർമ്മിക്കും. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിന് റോഡ് ശൃംഖലയുടെ മാപ്പ് തയ്യാറാക്കാനും ഡിസൈൻ പോളിസിക്ക് അനുസൃതമായി വികസിപ്പിക്കാനും ലക്ഷ്യമിടുന്നു. ആദിവാസി മേഖലയിലെ സമഗ്ര റോഡ് കണക്റ്റിവിറ്റി വിവിധ വകുപ്പുകളുമായി ചേർന്ന് യാഥാർഥ്യമാക്കും. പ്രധാന നഗരങ്ങളിൽ സ്മാർട്ട് റോഡുകൾ എന്ന ലക്ഷ്യം നടപ്പിലാക്കും. റോഡ് പരിപാലനത്തിന് ഊന്നൽ നൽകി റണ്ണിംഗ് കോൺട്രാക്ട് പദ്ധതി പ്രധാന ചുവടുവെപ്പാണ്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ നിരത്ത് പരിപാലനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് പദ്ധതികൾ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.

നൂറ് പാലങ്ങൾ പൂർത്തിയാക്കുമെന്ന പ്രഖ്യാപനം മൂന്ന് വർഷം കൊണ്ട് സാധ്യമാക്കി. ഇപ്പോൾ നൂറ്റി അമ്പതിലേക്ക് എത്തിയിരിക്കുന്നു. നൂറ് പാലങ്ങളുടെ പ്രവൃത്തി തുടരുന്നു. കേരളത്തിൻ്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റെയിൽവെ മേൽപ്പാലങ്ങൾ പൂർത്തിയാക്കാൻ ആയത് അഭിമാനകരമായ നേട്ടമാണ്. മാറ്റങ്ങൾ പരമാവധി വേഗത്തിൽ നടപ്പാക്കാനാണ് സർക്കാർ ശ്രമമെന്നും സുതാര്യത ഉറപ്പുവരുത്തിയുള്ള പ്രവർത്തനങ്ങൾ ജനങ്ങൾ സ്വീകരിച്ചുവെന്നും
മന്ത്രി കൂട്ടിച്ചേർത്തു.

ആസ്പിൻ കോർട്ട് യാഡിൽ നടന്ന പരിപാടിയിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. പൊതുമരാമത്ത് വകുപ്പിന്റെ വികസന നേട്ടങ്ങൾ വകുപ്പ് സെക്രട്ടറി കെ ബിജു അവതരിപ്പിച്ചു. കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്പ്, എംഎൽഎമാരായ അഹമ്മദ് ദേവർകോവിൽ, ഇ കെ വിജയൻ, പി ടി എ റഹീം, കെ പി കുഞ്ഞമ്മദ് കുട്ടി, ലിന്റോ ജോസഫ്, കെ എം സച്ചിൻദേവ്, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്, ആസൂത്രണ ബോർഡ് അംഗം ഡോ. കെ രവിരാമൻ, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ്, കെ ടി ഐ എൽ ചെയർമാൻ എസ് കെ സജീഷ്, കെ എസ് സി സി മാനേജിങ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ, ആർ ബി ഡി സി കെ മാനേജിങ് ഡയറക്ടർ എസ് സുഹാസ്, കെ എസ് ടി പി പ്രോജക്ട് ഡയറക്ടർ എം അഞ്ജന, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി നിഖിൽ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ മേഖലകളിലെ വിദഗ്ധർ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published.

Previous Story

തോരായി മഹാവിഷ്ണുക്ഷേത്രത്തിൽ തുലാമാസ വാവുബലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി

Next Story

ഇ.എം.എസ് ഓഡിറ്റോറിയം നാടിന് സമർപ്പിച്ചു

Latest from Main News

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശ് വ്യോമപ്രതിരോധ സംവിധാനത്തിന്റെ നൂതന പതിപ്പിന്റെ പരീക്ഷണം വിജയകരം

പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ ആണ് ആകാശ് എൻജി വികസിപ്പിച്ച ആകാശ് വ്യോമപ്രതിരോധ സംവിധാനത്തിന്റെ നൂതന പതിപ്പിന്റെ പരീക്ഷണം വിജയകരം. ആകാശ്

കേരളത്തിലെ വന്ദേഭാരതുകളിലെ ഭക്ഷണ മെനു പരിഷ്‌കരിക്കും

കേരളത്തിൽ സർവീസ് നടത്തുന്ന കാസർകോട്, തിരുവനന്തപുരം – മംഗലാപുരം വന്ദേ ഭാരതുകളിലെ ഭക്ഷണ മെനു പരിഷ്‌കരിക്കും. മധുരപലഹാരങ്ങൾ, മലയാളി വിഭവങ്ങൾ എന്നിവ

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ ലഹരി മരുന്ന് ഉപയോഗിച്ചാൽ ജോലി പോകുന്ന പദ്ധതിക്ക് സംസ്ഥാനത്ത് ഇന്ന് തുടക്കമായി

മയക്കുമരുന്ന് ദുരുപയോഗം തടയുന്നതിനായി സംസ്ഥാന പോലീസ് സ്വകാര്യ മേഖലയുമായി കൈകോർക്കുന്നു. ‘പോഡ’ (PODA) എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കമായി.

ആശ്വാസകിരണം പദ്ധതിയുടെ ആനുകൂല്യം 22700 പേർക്കു കൂടി

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ആശ്വാസകിരണം പദ്ധതിയുടെ ആനുകൂല്യം ഭിന്നശേഷിക്കാരുടെ സംരക്ഷകരായ 22700 പേർക്കു കൂടി നൽകുമെന്ന് സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രി

‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷൻ സജ്ജമാക്കിയ ‘ക്ലൂ’ (KLOO) മൊബൈൽ ആപ്ലിക്കേഷൻ പ്രകാശനം ചെയ്തു

സംസ്ഥാനത്ത് യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് സൗകര്യപ്രദവും ശുചിത്വമുള്ളതും സുരക്ഷിതവുമായ ടോയ്‌ലറ്റ് സൗകര്യങ്ങൾ സുഗമമായി കണ്ടെത്തുന്നതിനായി ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ