ഒളിമ്പിക്‌സ് മാതൃകയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഓവറോള്‍ ചാമ്പ്യന്മാരാകുന്ന ജില്ലക്ക് നല്‍കുന്ന സ്വര്‍ണക്കപ്പിന് (ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി) ജില്ലയില്‍ ആവേശോജ്വല സ്വീകരണം. വെള്ളിയാഴ്ച രാവിലെ എട്ടിനെത്തിയ പ്രചാരണ പര്യടനത്തിന് കോഴിക്കോട് ഗവ. മോഡല്‍ സ്‌കൂളില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി അസീസ്, സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് കോഓഡിനേറ്റര്‍ ഡോ. എ.കെ അബ്ദുല്‍ ഹക്കീം എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്. പരീക്ഷാ ജോയിന്റ് കമീഷണര്‍ ഗിരീഷ് ചോലയിലിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സ്വര്‍ണക്കപ്പുമായി പര്യടനം നടന്നു.
സ്വീകരണ ചടങ്ങില്‍ ഡോ. എ കെ അബ്ദുല്‍ ഹക്കീം അധ്യക്ഷനായി. ഡി.ഡി.ഇ ടി അസീസ്, ജി ഗംഗാറാണി, എ.ഇ.ഒമാരായ പൗളി മാത്യു, കെ വി മൃദുല, പ്രധാനാധ്യാപിക ഗീത, പ്രിന്‍സിപ്പല്‍ മുംതാസ്, ഷജീര്‍ ഖാന്‍, സി സുധീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പര്യടനത്തിന് ശേഷം സ്വര്‍ണക്കപ്പ് ഒക്ടോബര്‍ 21ന് കായികമേള വേദിയായ തിരുവനന്തപുരത്തെത്തിക്കും. ഘോഷയാത്ര കടന്നുപോകുന്ന വിവിധ കേന്ദ്രങ്ങളില്‍ കായികതാരങ്ങള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, കായിക പ്രേമികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.