ശബരിമല സ്വർണക്കൊള്ളയിൽ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്ത ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിനു പിന്നാലെ പോറ്റിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. തിരികെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ച ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് ഉച്ചയ്ക്ക് മുമ്പ് റാന്നി കോടതിയിൽ ഹാജരാക്കും.
ഇന്നലെ രാവിലെ വീട്ടിൽ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം പോറ്റിയെ കസ്റ്റഡിയിലെടുത്തത്. പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശബരിമലയിലെ സ്വർണപ്പാളി കൊണ്ടുപോയി സാമ്പത്തിക ലാഭം ഉണ്ടാക്കിയിട്ടില്ലെന്നും ജയറാം അടക്കമുള്ളവരിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്നുമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി.
അന്വേഷണ ഉദ്യോഗസ്ഥരായ എസ്പി ശശിധരൻ, എസ്പി ബിജോയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഇയാളെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. തുടർന്ന് കൂടുതൽ ചോദ്യം ചെയ്യൽ നടത്തും.
പല കാര്യങ്ങളും പോറ്റി നിഷേധിച്ചെങ്കിലും സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്വേഷണ സംഘത്തിന് വ്യക്തത ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. കൂടുതൽ പേർക്ക് പങ്കുണ്ടോ, ഗൂഢാലോചന നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്. ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികളിലേക്ക് കടക്കാനാണ് തീരുമാനം.
ഇതിന്റെ ഭാഗമായി, ആരോപണ വിധേയരായ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെയടക്കം വരുംദിവസങ്ങളിൽ അന്വേഷണസംഘം ചോദ്യം ചെയ്യും. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കുൾപ്പെടെ അറിവുണ്ടായിരുന്നെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇത്.