പാലിയേക്കരയിൽ ടോൾ പിരിക്കാൻ ഉപാധികളോടെ അനുമതി നൽകി ഹൈക്കോടതി. നിരക്ക് വർധന പാടില്ല. വിഷയം സമയാസമയം തുടർന്നും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ദേശീയപാതാ നിർമാണം അതിവേഗത്തിൽ പൂർത്തിയാക്കണം. പൊതുജനം ഈ വിഷയത്തിൽ തോൽക്കരുതെന്നും കോടതി പറഞ്ഞു. 72 ദിവസം ടോൾ പിരിവ് ഹൈക്കോടതി മരവിപ്പിച്ചിരുന്നു. ആഗസ്റ്റ് രണ്ടിനാണ് ഇടക്കാല ഉത്തരവിലൂടെ ടോൾ പിരിവ് നിർത്തിവച്ചത്. സർവീസ് റോഡുകളുടെ നില മെച്ചപ്പെടുത്തിയെന്ന് ജില്ലാ കലക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ടോൾ പിരിവ് മരവിപ്പിച്ച ഉത്തരവ് കോടതി ഭേദഗതി ചെയ്തത്. അതേസമയം, ടോൾ പുനഃസ്ഥാപിച്ച പശ്ചാത്തലത്തിൽ പാലിയേക്കര ടോൾ പ്ലാസയ്ക്ക് സുരക്ഷ വർധിപ്പിച്ചു. അൻപതോളം പൊലീസുകാരെയാണ് വിന്യസിച്ചത്.
പാലിയേക്കര ടോൾ നിരക്ക് കുറയ്ക്കാൻ തീരുമാനം എടുക്കാനാവില്ലെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ടോൾ നിരക്ക് കുറയ്ക്കാൻ ദേശീയപാതാ അതോറിറ്റിക്കാണ് അധികാരം. ദേശീയപാതാ നിർമാണത്തിൽ കാര്യമായ പുരോഗതിയുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.
ഒക്ടോബർ 10ന് കേസ് പരിഗണിച്ച കോടതി ടോൾ പിരിവ് വിലക്കിയ നടപടി ഒരാഴ്ച കൂടി നീട്ടുകയും ടോൾ നിരക്ക് കുറക്കുന്നത് സംബന്ധിച്ച് തീരുമാനം അറിയിക്കാൻ കേന്ദ്രത്തോട് നിർദേശിക്കുകയുമായിരുന്നു. നാല് വരിപ്പാതയായിരുന്നപ്പോഴുള്ള ടോൾ സർവീസ് റോഡിലൂടെയുള്ള ഗതാഗതത്തിന് എങ്ങനെ പിരിക്കാനാകും എന്നത് ചൂണ്ടിക്കാട്ടിയാണ് തീരുമാനമറിയിക്കാൻ കോടതി നിർദേശിച്ചത്.