ഓൺലൈൻ ജോലിയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്. ഓൺലൈൻ ജോലിയുടെ പേരിൽ ഇന്ന് ധാരാളം പേരുടെ പണം നഷ്ടപെടുന്നുണ്ട്. പാർട്ട് ടൈം ജോലിയുടെ പേരിൽ നടക്കുന്ന തട്ടിപ്പിൽ സ്ത്രീകളാണ് കൂടുതലും ഇരയാകുന്നത്. തട്ടിപ്പുകാരുടെ കെണിയിൽ വീഴാതിരിക്കാൻ എപ്പോഴും ജാഗ്രത കൂടിയേ തീരൂ.
ജോലി വാഗ്ദാനം ചെയ്ത് സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. കാണുന്ന അവസരങ്ങളെയെല്ലാം കണ്ണും പൂട്ടി വിശ്വസിച്ചാൽ ധനനഷ്ടവും സമയനഷ്ടവുമാകും ഫലം. വളരെ പെട്ടെന്നു കൂടുതൽ പണം സമ്പാദിക്കാമെന്നുള്ള വാഗ്ദാനങ്ങളുമായി ഒട്ടേറെ പേർ ഓൺലൈൻ ലോകത്തുണ്ട്. മനംമയക്കുന്ന വാഗ്ദാനങ്ങളിൽ വീണാൽ അനുകൂലമായതൊന്നും സംഭവിക്കാനിടയില്ല. മറിച്ച് വലിയ നഷ്ടമുണ്ടാകാനാണു സാധ്യത.
രജിസ്ട്രേഷനു വേണ്ടിയോ അല്ലാതെയോ ആദ്യം അങ്ങോട്ടു പണം നൽകിയുള്ള ഇടപാടുകളോട് ‘വേണ്ട’ എന്നു തന്നെ പറയണം. ജോബ് ഓഫർ നൽകുന്ന കമ്പനികളുടെ ആധികാരികത ഉറപ്പു വരുത്തേണ്ട ബാധ്യത തൊഴിലന്വേഷകനുണ്ട്. വെബ്സൈറ്റ് മുഖാന്തരമല്ല ഇത്തരം വാഗ്ദാനങ്ങൾ വരുന്നതെങ്കിൽ, വാഗ്ദാനം നൽകുന്ന വ്യക്തിയുടെ വിശ്വാസ്യത കൃത്യമായി മനസ്സിലാക്കണമെന്നും കേരളാ പൊലീസ് ഫേസ്ബുക്കിൽ കുറിച്ചു.