അത്തോളി: അസുഖ ബാധിതരായ അച്ഛനും അമ്മയ്ക്കും ആശ്രയമായി ഓട്ടോറിക്ഷയോടിച്ച് കിട്ടുന്ന തുച്ഛ വരുമാനത്തിലൂടെ കുടുംബം പുലര്‍ത്തിയിരുന്ന മകന്‍ കൂടി രോഗബാധിതനായതോടെ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കുകയാണ് അത്തോളി കോതങ്കലിലെ ഒരു കുടുംബം. അത്തോളി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ താമസക്കാരായ ബഥേല്‍ എം.എസ് കോശിയും കുടുംബവുമാണ് ജീവിക്കാനും തുടര്‍ ചികിത്സയ്ക്കുമായി പരസഹായം തേടുന്നത്. ചികിത്സയ്ക്കും ജീവിതചെലവിനുമായി വന്‍സാമ്പത്തിക ബാധ്യത വന്നതോടെ കടക്കെണിയില്‍പ്പെട്ട് ഉഴലുകയാണ് ഈ കുടുംബം. വീട് നിര്‍മ്മാണത്തിന് വായ്പ എടുത്ത വകയില്‍ നല്ലൊരു തുക ബാങ്ക് കടമായുമുണ്ട്. എല്ലാത്തിനും പരിഹാരം കാണാനായി സ്വന്തമായുളള അഞ്ചേ മുക്കാല്‍ സെൻ്റ് സ്ഥലവും കിടപ്പാടവും വിറ്റ് കട ബാധ്യത തീര്‍ക്കാനുളള ശ്രമത്തിലാണ് ഇവര്‍.
കുടുംബനാഥനായ എം.എസ് കോശി(74)യും ഭാര്യ ജോഷിയ കോശിയും (61) യും വെങ്ങളത്തെ മത്സ്യ സംസ്‌ക്കരണ കേന്ദ്രത്തിലെ ജീവനക്കാരായിരുന്നു. കോശിയ്ക്ക് രണ്ട് വര്‍ഷം മുമ്പാണ് മസ്തിഷ്‌കാഘാതം സംഭവിച്ചത്. പ്രമോഹം, രക്തസമ്മര്‍ദ്ദം എന്നിവ കൂടി വന്നതോടെ ഒന്നും ചെയ്യാനാവാത്ത അവസ്ഥയായിലായി. ഭാര്യ ജോഷിയ കോശിയ്ക്ക് സ്തനാര്‍ബുദം വന്നതോടെ അടിയന്തിര ശസ്ത്രക്രിയയും വേണ്ടിവന്നു. ഇരുവരും ഇപ്പോഴും ചികിത്സ തുടരുകയാണ്. ഇതിനിടയിലാണ് കുടുംബം പുലർത്തിയിരുന്ന ഓട്ടോ തൊഴിലാളിയായ മകന്‍ സ്‌കറിയ ശ്ലോമോ കോശിയ്ക്ക്(27)നട്ടെല്ലിന് ഗുരുതര രോഗം ബാധിച്ചത്. മകന്‍ കൂടി രോഗ ബാധിതനായതോടെ കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളും തകര്‍ന്നു. ഹോട്ടല്‍ മാനേജ്‌മെൻ്റ് കോഴ്‌സ് പാസായ സ്‌ക്‌റിയ ശ്ലോമോ കോശി ജോലിയൊന്നും കിട്ടാതെ വന്നപ്പോഴാണ് കോഴിക്കോട് നഗരത്തില്‍ ഓട്ടോ ഡ്രൈവറായത്. സ്വന്തമായി വാങ്ങിയ ഓട്ടോ ഓടിച്ച് കിട്ടുന്ന വരുമാനം കൊണ്ട് ബാങ്ക് ലോണ്‍, അച്ഛന്റെയും അമ്മയുടെയും ചികിത്സാ ചെലവ് എന്നിവയെല്ലാം നിറവേറ്റിയിരുന്നു. ഇതിനിടയിലാണ് നീരുവന്ന് കയ്യും കാലുകളും വീര്‍ക്കാന്‍ തുടങ്ങിയത്. ഒപ്പം അസഹ്യമായ വേദനയും. നട്ടെല്ലില്‍ നിന്നും കാലിലേക്കുളള ഞരമ്പിലെ തടസ്സമായിരുന്നു രോഗ കാരണം. അലോപ്പതിയും ആയുര്‍വ്വേദയും മാറിമാറി പരീക്ഷിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലും നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി. ആയുര്‍വ്വേദ ചികിത്സയും പരീക്ഷിച്ചു. ഒടുവില്‍ തിരുവനന്തപുരം കിംസ് ഹെല്‍ത്ത് കെയറില്‍ ചികിത്സ തേടിയപ്പോഴാണ് അടിയന്തിര ഓപ്പറേഷന് വിധേയമാകേണ്ടി വന്നത്. ശ്ലോമോ കോശിയുടെ ചികിത്സയ്ക്കായി ആറ് ലക്ഷത്തിലേറെ തുക ചെലവിടേണ്ടി വന്നു. ഇപ്പോള്‍ ഫിസിയോ തെറാപ്പി തുടരുകയാണ്. എഴുന്നേറ്റ് ഇരിക്കാന്‍ പോലും കഴിയാത്ത സാഹചര്യത്തില്‍ ഉപജീവനമാര്‍ഗ്ഗമായ ഓട്ടോ ഓടിക്കല്‍ ഉപേക്ഷിക്കേണ്ടി വന്നു. വീട് നിർമ്മാണത്തിനെടുത്ത എട്ട് ലക്ഷത്തോളമുളള ബാങ്ക് വായ്പയുടെ തിരിച്ചടവും ഇതോടെ മുടങ്ങി. സമുമനസ്സുകളുടെ സഹായം ഒന്നു കൊണ്ട് മാത്രമാണ് ഈ കുടുംബമിപ്പോള്‍ ജീവിക്കുന്നത്. മരുന്നിനും ഭക്ഷണത്തിനും എല്ലാ മാസവും നല്ലൊരു തുക വേണം. മിക്കദിവസും കോഴിക്കോട് പോയി ഫിസിയോ തെറാപ്പി ചെയ്യണം. ബാങ്ക് ലോണിന്റെ തിരിച്ചടവ് കുടിശികയായതോടെ ബാങ്കുകാരും സമ്മര്‍ദ്ദവുമായി വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് താമസിക്കുന്ന വീടും സ്ഥലവും വിറ്റ് സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ കുടുംബം തീരുമാനിച്ചത്. വീട് വിറ്റാല്‍ എങ്ങോട്ടു പോകുമെന്ന ചോദ്യത്തിന്, ഏതെങ്കിലും വാടക വീട് നോക്കണമെന്ന മറുപടി.
ഈ കുടുംബത്തെ സഹായിക്കാന്‍ പഞ്ചായത്ത് മെമ്പര്‍ ഷിജു തയ്യില്‍ ചെയര്‍മാനും, സതീശന്‍ പുതിയോട്ടില്‍ ജനറല്‍ കണ്‍വീനറുമായി സഹായ കമ്മിറ്റി രൂപവല്‍ക്കരിച്ചിട്ടുണ്ട്. സാമ്പത്തിക സഹായങ്ങള്‍ സ്‌കറിയ സ്ലോമോ കോശിയുടെ പേരില്‍ എസ് ബി ഐ അത്തോളി ശാഖയിലെ 32924393062 എന്ന അക്കൗണ്ട് നമ്പറിലെക്ക് അയ്ക്കണം . (ഐ എഫ് എസ് സി കോഡ് SBINOO 11925)