ഉല്‍പന്നങ്ങള്‍ വീടുകളിലെത്തിക്കാന്‍ ‘സോഷ്യല്‍ സെല്ലര്‍’മാരെ നിയോഗിച്ച് കുടുംബശ്രീ പുതുചുവടുവെപ്പിലേക്ക്. ഓരോ സിഡിഎസിന് കീഴിലുമുള്ള അയല്‍ക്കൂട്ടങ്ങളില്‍നിന്നായി 25,000ത്തില്‍ പരം കുടുംബശ്രീ സോഷ്യല്‍ സെല്ലര്‍മാരാണ് നവംബര്‍ ഒന്ന് മുതല്‍ ജില്ലയില്‍ രംഗത്തിറങ്ങുക. ഇവര്‍ക്ക് നേതൃത്വം നല്‍കാന്‍ ഓരോ സിഡിഎസിലും ഓരോ സ്വാശ്രയഗ്രാമം മെന്റര്‍മാരെയും നിയമിക്കും.
അയല്‍ക്കൂട്ട പരിധിയിലെ വീടുകളില്‍നിന്ന് കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക് ഓര്‍ഡര്‍ ശേഖരിക്കുകയും എത്തിച്ചുനല്‍കുകയും ചെയ്യുകയാണ് ‘കുടുംബശ്രീ സോഷ്യല്‍ സെല്ലര്‍’മാര്‍ ചെയ്യുക. വില്‍പ്പനക്കനുസരിച്ച് ഇവര്‍ക്ക് കമീഷന്‍ ലഭ്യമാക്കും. സ്വാശ്രയഗ്രാമം മെന്റര്‍മാര്‍ക്ക് പ്രതിമാസം 15000 രൂപയിലധികം വരുമാനവും ഉറപ്പാക്കും. കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങളുടെ വീടുകളിലും അയല്‍ക്കൂട്ട പരിധിയിലെ മറ്റു വീടുകളിലും സ്ഥിരമായി മായവും കലര്‍പ്പുമില്ലാത്ത ഉല്‍പന്നങ്ങള്‍ എത്തിച്ചു നല്‍കുകയും കുടുംബശ്രീ ഉല്‍പന്നങ്ങളുടെ ഉപഭോഗം ജനങ്ങളുടെ ശീലമാക്കി മാറ്റുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉല്‍പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുന്നതിനനുസരിച്ച് കൂടുതല്‍ ഉല്‍പാദന യൂണിറ്റുകള്‍ ആരംഭിക്കാനാവുമെന്നും ഇതിലൂടെ വനിതകള്‍ക്ക് കൂടുതല്‍ തൊഴിവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷ.
വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷന്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ‘സ്വാശ്രയഗ്രാമം ക്യാമ്പയിനിന്റെ’ ഭാഗമായി 25000ത്തിലധികം പേര്‍ക്ക് പദ്ധതിയിലൂടെ സ്ഥിരവരുമാനം ലഭ്യമാകും. മുഴുവന്‍ സിഡിഎസുകളിലും നവംബര്‍ ഒന്നിന് ‘സ്വാശ്രയഗ്രാമം’ പ്രഖ്യാപനം നടക്കും. കുടുംബശ്രീ അംഗങ്ങളും പ്രവര്‍ത്തകരും ജനപ്രതിനിധികളും പങ്കെടുക്കുന്ന പ്രഖ്യാപന പരിപാടിക്ക് സിഡിഎസ് തലത്തില്‍ സ്വാഗതസംഘങ്ങളും രൂപീകരിക്കും.