കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പുനർവികസന പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്ന 48 മീറ്റർ വീതിയുള്ള എയർ കോൺകോഴ്സിന്റെ വീതി കുറക്കാനുള്ള റെയിൽവേ തീരുമാനത്തിൽ ഇടപെടണമെന്ന് എം.കെ. രാഘവൻ എം.പി കേന്ദ്ര റെയിൽവേ മന്ത്രിയോടും, റെയിൽവേ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനോടും ആവശ്യപ്പെട്ടു.
പുനർവികസന പദ്ധതിയുടെ പ്രധാന ആകർഷണങ്ങളിലൊന്നായ 48 മീറ്റർ വീതിയുള്ള എയർ കോൺകോഴ്സ്, യാത്രക്കാരുടെ സുഗമമായ സഞ്ചാരത്തിനും ഭാവിയിലെ വർദ്ധിച്ച യാത്രാശേഷിക്കും ആധുനിക സൗകര്യങ്ങൾ ഒരുക്കുന്നതിനും അത്യന്താപേക്ഷിതമാണ്.
ദിവസേന 70,000-ത്തിലധികം ആളുകൾ ആശ്രയിക്കുന്ന, വടക്കൻ കേരളത്തിലെ തിരക്കേറിയതും പാലക്കാട് ഡിവിഷനിലെ ഏക NSG 2 കാറ്റഗറി റെയിൽവേ സ്റ്റേഷനുമാണ് കോഴിക്കോട്. വീതി കുറയ്ക്കാനുള്ള തീരുമാനം റെയിൽവേ സ്റ്റേഷന്റെ ദീർഘകാല പ്രവർത്തനക്ഷമതയെയും പുനർവികസന പദ്ധതിയുടെ ലക്ഷ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് എം.പി. ചൂണ്ടിക്കാട്ടി.
ഒക്ടോബർ 10-ന് കേന്ദ്ര മന്ത്രി ജോർജ് കുര്യനും എം കെ രാഘവൻ എം.പിയും പങ്കെടുത്ത പദ്ധതി അവലോകന യോഗത്തിൽ പോലും നിർദ്ദിഷ്ട കോൺകോഴ്സിന്റെ വീതി കുറയ്ക്കാനുള്ള റെയിൽവേ തീരുമാനം ഉദ്യോഗസ്ഥർ അറിയിച്ചില്ല. പിന്നിടാണ് ഈ വിവരം പുറത്ത് വന്നത്.
ഈ സാഹചര്യത്തിലാണ് യാത്രക്കാരുടെയും സ്റ്റേഷൻ വികസനത്തിന്റെയും താത്പര്യങ്ങൾ കണക്കിലെടുത്ത്, കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ എയർ കോൺകോഴ്സിന് തുടക്കത്തിൽ നിർദ്ദേശിച്ച 48 മീറ്റർ വീതി നിലനിർത്താൻ എം.പി കേന്ദ്ര റെയിൽവേ മന്ത്രിയുടെയും റെയിൽവേ സ്റ്റാന്റിംഗ് കമ്മറ്റിയുടെയും അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടത്.