മികവാർന്ന വികസന പ്രവർത്തനങ്ങൾ അണിനിരത്തി ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. കെ എം സച്ചിൻദേവ് എംഎൽഎ വികസന സദസ്സ് ഉദ്ഘാടനം ചെയ്തു. നിരവധി വികസന മാതൃകകൾ തീർത്ത ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് മണ്ഡലത്തിന്റെ ആകെ വികസന പ്രവർത്തനങ്ങളുടെ പരിച്ഛേദം ആണെന്ന് എംഎൽഎ പറഞ്ഞു. സർവതല സ്പർശിയായ സമഗ്ര വികസനത്തിനാണ് പഞ്ചായത്ത് ഭരണസമിതി നേതൃത്വം നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന സര്‍ക്കാറിന്റെയും ഗ്രാമപഞ്ചായത്തിന്റെയും വികസന നേട്ടങ്ങളുടെ അവതരണം, ഗ്രാമപഞ്ചായത്തിന്റെ ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആശയങ്ങളും നിര്‍ദേശങ്ങളും പങ്കുവെക്കൽ, ചർച്ച എന്നിവ നടന്നു.
തൊഴിൽ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുക, സഹകരണ സ്ഥാപനങ്ങളുടെ ഫണ്ട് പ്രാദേശിക വികസനത്തിന് കൂടി പ്രയോജനപ്പെടുത്തുക, പകൽ വീടുകളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുക, വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ ചർച്ചയിൽ ഉയർന്നുവന്നു.
സംഗീതജ്ഞൻ ഹരിപ്പാട് കെ പി എൻ പിള്ള, ബാലസാഹിത്യകാരനും മാധ്യമപ്രവർത്തകനുമായ ഡോ. കെ ശ്രീകുമാർ, വികസന പ്രവർത്തനങ്ങൾക്ക് ഭൂമി വിട്ടുനൽകിയവർ, ഹരിതകർമ്മസേന അംഗങ്ങൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത മുഖ്യാഥിതിയായി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി ബിജു റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് അസ്സയിനാർ എമ്മച്ചംകണ്ടി, ജില്ലാപഞ്ചായത്ത് അംഗം പി പി പ്രേമ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡി ബി സബിത, സിഡിഎസ് ചെയർപേഴ്സൺ സജിഷ മഹേഷ്, കില റിസോഴ്സ് പേഴ്സൺ നിധിൻ, അസി. സെക്രട്ടറി കെ സജ്‌ന തുടങ്ങിയവർ പങ്കെടുത്തു.