പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി അഞ്ചു വയസ്സില്‍ താഴെയുള്ള 2,06,363 കുട്ടികള്‍ക്ക് ഇന്ന് (ഒക്ടോബര്‍ 12) പോളിയോ തുള്ളിമരുന്ന് നല്‍കും. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍, അങ്കണവാടികള്‍, ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായി 2,215 ബൂത്തുകള്‍ ഇതിനായി പ്രവര്‍ത്തിക്കും. കൂടാതെ ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ 53 കേന്ദ്രങ്ങളില്‍ ട്രാന്‍സിറ്റ് ബൂത്തുകളും പ്രവര്‍ത്തിക്കും. ബൂത്തുകളില്‍ എത്താന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും തുള്ളിമരുന്ന് എത്തിക്കാന്‍ 26 മൊബൈല്‍ ടീമുകളുമുണ്ടാകും.
പള്‍സ് പോളിയോ ദിനത്തില്‍ അഞ്ചു വയസ്സില്‍ താഴെയുള്ള എല്ലാ കുട്ടികളെയും തൊട്ടടുത്ത പള്‍സ് പോളിയോ ബൂത്തിലെത്തിച്ച് തുള്ളിമരുന്ന് നല്‍കണം. ഇന്ന് (ഒക്ടോബര്‍ 12) നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് ഒക്ടോബര്‍ 13,14 തീയതികളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി വാക്‌സിന്‍ നല്‍കും.
പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം രാവിലെ 10.30ന് കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് നിര്‍വഹിക്കും. കോഴിക്കോട് നഗരസഭ ഡിവിഷന്‍ കൗണ്‍സിലര്‍ എസ് കെ അബൂബക്കര്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാം മുഖ്യപ്രഭാഷണം നടത്തും.