സംസ്ഥാനത്ത് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ഒക്ടോബര്‍ 12 ഞായറാഴ്ച നടക്കും

സംസ്ഥാനത്ത് പോളിയോ വൈറസ് നിര്‍മ്മാര്‍ജനം ലക്ഷ്യമിട്ടു നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ഒക്ടോബര്‍ 12 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 5 വയസ്സിന് താഴെയുളള കുഞ്ഞുങ്ങള്‍ക്കാണ് തുള്ളിമരുന്ന് നല്‍കുന്നത്. 5 വയസ്സിന് താഴെയുളള 21,11,010 കുഞ്ഞുങ്ങള്‍ക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴി തുള്ളിമരുന്ന് നല്‍കാനാണ് ലക്ഷ്യമിടുന്നത്. ട്രാന്‍സിറ്റ്, മൊബൈല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ 22,383 ബൂത്തുകളാണ് പ്രവര്‍ത്തിക്കുക. 44,766 വോളണ്ടിയര്‍മാര്‍ ബൂത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. എല്ലാ രക്ഷാകര്‍ത്താക്കളും 5 വയസ്സുവരെയുളള എല്ലാ കുഞ്ഞുങ്ങള്‍ക്കും പോളിയോ തുള്ളിമരുന്ന് നല്‍കി പോളിയോ നിര്‍മ്മാര്‍ജ്ജന തീവ്രയജ്ഞത്തില്‍ പങ്കാളികളാകണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച രാവിലെ 10 മണിക്ക് പത്തനംതിട്ട കോഴഞ്ചേരി ഗവ. ഹൈ സ്‌കൂളില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

ഒക്ടോബര്‍ 12-ന് ബൂത്തുകളില്‍ തുള്ളിമരുന്ന് നല്‍കാന്‍ കഴിയാത്ത കുഞ്ഞുങ്ങള്‍ക്ക് ഒക്ടോബര്‍ 13, 14 തീയതികളില്‍ വോളണ്ടിയര്‍മാര്‍ വീടുകളില്‍ എത്തി തുള്ളിമരുന്ന് നല്‍കും. തദ്ദേശസ്വയംഭരണം, വനിതാ ശിശുവികസനം തുടങ്ങിയ വകുപ്പുകള്‍, റോട്ടറി ഇന്റര്‍നാഷണല്‍, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published.