നന്തി ബസാർ: മൂടാടി സർവ്വീസ് സഹകരണ ബാങ്കിലെ മുചുകുന്ന് ബ്രാഞ്ചിൽ സിപി എം മുൻ ലോക്കൽ സിക്രട്ടറിയും ബാങ്ക് ജീവനക്കാരനുമായ ആർ.പി കെ രാജീവ് കുമാർ നടത്തിയ വൻ അഴിമതികളും ബാങ്ക് ഡയറക്ടറും സി പി എം ആവിക്കൽ ലോക്കൽ സിക്രട്ടറിയുമായ സി.ഫൈസൽ പാവപ്പെട്ട രോഗിയായ ചെറുപ്പക്കാരൻ്റെ കേരള ചിക്കൻ ലൈസൻസ് അട്ടിമറിച്ച് സ്വന്തം ഭാര്യയുടെ പേരിലേക്ക് മാറ്റി തട്ടിപ്പ് നടത്തിയതിനെതിരെയും ശക്തമായ പ്രക്ഷോഭവുമായി യൂത്ത് ലീഗ് മുന്നോട്ട് വരുമെന്ന് മൂടാടി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
ബാങ്കിൽ അഴിമതി നടത്തിയിട്ട് മാസങ്ങളായിട്ടും ജനങ്ങളും ബാങ്ക് ഇടപാടുകാരും അറിയുന്നതിന് മുമ്പ് ഇരുട്ടിൻ്റെ മറവിൽ മിനിറ്റുകൾക്കകം ബാങ്ക് ഭരണ സിമിതി ഒതുക്കി തീർത്തത് ആരെ സംരക്ഷിക്കാനാണ്. സി പി എമ്മിൻ്റെ ഉത്തരവാദിത്വപ്പെട്ട പ്രാദേശിക നേതാക്കളുടെ പങ്ക് ജനങ്ങൾ അറിയുകയും അന്വേഷിക്കുകയും വേണമെന്നും കൂടുതൽ തെളിവുകൾ പുറത്ത് വിടണമെന്നും യൂത്ത്ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് പി.കെ മുഹമ്മദലിയും ജന:സിക്രട്ടറി റബീഷ് മുഹമ്മദും പറഞ്ഞു .ബാങ്കിൻ്റെ മറവിൽ പാവപ്പെട്ടവരുടെ പണം കവർന്ന് പാർട്ടി വളർത്താനാണ് സി പി എം നേതൃത്വത്തിലുള്ള മൂടാടി സർവ്വിസ് സഹകരണ ബാങ്ക് ശ്രമിക്കുന്നത്. ബാങ്കിൽ നടന്ന അഴിമതിയുടെ നീചസ്ഥിതി ബാങ്ക് ഭരണ സിമിതി ജനങ്ങളുടെ മുന്നിൽ വിശദീകരിക്കണം. കിഡ്‌നി മാറ്റി വെച്ചതും കാഴ്ചയും കേൾവിയും തകരാറിലായ യുവാവിനോടാണ് കേരള ചിക്കൻ്റെ ലൈസൻസ് അട്ടിമറിച്ച് ഭാര്യയുടെ കൈവശമാക്കിയത്. അങ്ങേയറ്റം ക്രൂരതയും കടുത്ത വഞ്ചനയുമാണ് സി പി എം നേതാക്കൾ ചെയ്തതെന്ന് യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു. വിവിധ പ്രക്ഷോഭ പരിപാടികളുമായും നിയമ പോരാട്ടവുമായി യൂത്ത് ലീഗ് മുന്നോട്ട് പോവുമെന്നും നേതാക്കൾ കൂട്ടിചേർത്തു.







