കര്‍ഷകര്‍ക്ക് മികച്ച സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ജില്ലയിലെ ആദ്യ സ്മാര്‍ട്ട് കൃഷിഭവനാവാനൊരുങ്ങി പനങ്ങാട്. കൃഷിഭവനുകളെ ആധുനികവത്കരിക്കുക, നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരിലേക്ക് സേവനങ്ങള്‍ സമയബന്ധിതമായും കൃത്യതയോടെയും എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സ്മാര്‍ട്ട് കൃഷിഭവന്‍ യഥാര്‍ഥ്യമാവുന്നത്.
26.55 ലക്ഷം രൂപയാണ് പദ്ധതിക്കായി സര്‍ക്കാര്‍ അനുവദിച്ചത്. കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍, പേപ്പര്‍ലെസ് സംവിധാനം ഒരുക്കല്‍, തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ളവ നല്‍കല്‍, വിള പരിപാലനത്തിനുള്ള പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക് ഒരുക്കല്‍, അഗ്രോ ഫാര്‍മസി വഴി കര്‍ഷകര്‍ക്ക് വിള പരിപാലനത്തിനാവശ്യമായ സഹായങ്ങള്‍ നല്‍കല്‍ തുടങ്ങി വിവിധ സേവനങ്ങളാണ് സ്മാര്‍ട്ട് കൃഷിഭവന്‍ വഴി ലഭ്യമാകുക. കര്‍ഷകര്‍ക്കുള്ള വിശ്രമ കേന്ദ്രം, കര്‍ഷക കൂട്ടായ്മകള്‍ക്കുള്ള ഓഡിറ്റോറിയം, ശബ്ദ-വെളിച്ച ക്രമീകരണങ്ങള്‍ തുടങ്ങിയവയെല്ലാം ഒരുക്കി ഐഎസ്ഒ സര്‍ട്ടിഫിക്കേഷനുള്ള കൃഷിഭവനായി പനങ്ങാട് മാറിയിരിക്കുകയാണ്.
കൃഷിഭവനിലെ വിള പരിപാലന കേന്ദ്രം വഴി കൃഷിയിടങ്ങളിലെ കീടരോഗങ്ങള്‍ തിരിച്ചറിഞ്ഞ് അവക്ക് പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയും വേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. എല്ലാ ബുധനാഴ്ചകളിലും വിളപരിപാലന കേന്ദ്രം വഴി ജൈവ കീടനാശിനികള്‍ നല്‍കുകയും ചെയ്യുന്നു. കാര്‍ഷിക ഉല്‍പന്നങ്ങള്‍ സംഭരിക്കാനും വില്‍ക്കാനുമുള്ള വിപുലമായ ഇക്കോ ഷോപ്പും ഇവിടെ പ്രവര്‍ത്തിക്കുന്നു. വിവിധ പദ്ധതികള്‍ വഴി പനങ്ങാട് കാര്‍ഷിക കര്‍മസേന വിവിധ തൈകള്‍, ഇഞ്ചി, മഞ്ഞള്‍ വിത്തുകള്‍, ചെണ്ടുമല്ലി തൈകള്‍ എന്നിവ ഉല്‍പാദിപ്പിച്ച് അര്‍ഹരായ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നുമുണ്ട്.
സ്മാര്‍ട്ട് കൃഷിഭവന്‍ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കൃഷിഭവന്റെ ഉദ്ഘാടനം ഒക്ടോബര്‍ 14ന് വൈകിട്ട് നാലിന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിര്‍വഹിക്കും. കെ എം സച്ചിന്‍ ദേവ് എംഎല്‍എ അധ്യക്ഷനാകും.