രണ്ടായിരത്തിലധികം ജീവനക്കാർ ജോലി ചെയ്തു വരുന്നതും, ഓരോ ദിവസവും ആയിരക്കണക്കിന് പൊതുജനങ്ങൾ ആശ്രയിക്കുന്നതുമായ കോഴിക്കോട് ജില്ലയുടെ ഭരണസിരാകേന്ദ്രമായ സിവിൽ സ്റ്റേഷനിലെ ഉച്ചഭക്ഷണശാലകൾ മുഴുവൻ അടച്ചുപൂട്ടിയതിൽ പ്രതിഷേധിച്ച് കേരള എൻജിഒ അസോസിയേഷൻ, കോഴിക്കോട് സിവിൽ സ്റ്റേഷൻ ബ്രാഞ്ച് സംഘടിപ്പിച്ച ഇലയിട്ട് പ്രതിഷേധം കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ പ്രദീപൻ ഉദ്ഘാടനം ചെയ്തു. സിവിൽ സ്റ്റേഷൻ ബ്രാഞ്ച് പ്രസിഡണ്ട് സജീവൻ പൊറ്റക്കാട് അധ്യക്ഷത വഹിച്ച പരിപാടിയിൽ, ബ്രാഞ്ച് ട്രഷറർ കെ ടി നിഷാന്ത് സ്വാഗതം ആശംസിച്ചു.
ആയിരക്കണക്കിന് ജീവനക്കാരും പൊതുജനങ്ങളും ആശ്രയിച്ചു വന്ന ഉച്ചഭക്ഷണശാലകൾ മാസങ്ങളായി അടച്ചുപൂട്ടിയതിൽ പ്രതിഷേധിച്ച്, കേരള എൻജിഒ അസോസിയേഷന്റെ നേതൃത്വത്തിൽ നിരവധി തവണ ആർ.ഡി.ഒ ക്കും ജില്ലാ കലക്ടർക്കും പരാതി നൽകിയിട്ടും ഇതുവരെ പരിഹാരമുണ്ടാവാത്തതിൽ പ്രതിഷേധിച്ചാണ് ഇത്തരം ഒരു സൂചന സമരത്തിലേക്ക് കേരള എൻജിഒ അസോസിയേഷന് കടക്കേണ്ടി വന്നത് എന്നും, അടിയന്തരമായി ഈ വിഷയം പരിഹരിച്ചില്ലെങ്കിൽ പ്രസ്തുത വിഷയം കേരള എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി ഏറ്റെടുത്ത് ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത കെ പ്രദീപൻ ജില്ലാ ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകി.
മുൻകാലങ്ങളിൽ അഞ്ചോളം ഉച്ചഭക്ഷണശാലകൾ ഉണ്ടായ ഇടത്ത് നിലവിൽ ഒരെണ്ണം പോലും പ്രവർത്തിക്കാത്തത് അധികാരികളുടെ അനാസ്ഥ മൂലമാണ്. ഇത് സിവിൽ സ്റ്റേഷന് പുറത്തുള്ള സ്വകാര്യ ഹോട്ടൽ വ്യവസായികളെ സഹായിക്കാൻ വേണ്ടി ആണെന്ന ആരോപണവും ജീവനക്കാർ ഉന്നയിക്കുന്നുണ്ട്. കൂടാതെ ഇപ്പോൾ തുറന്നു പ്രവർത്തിക്കുന്ന സുഭിക്ഷ ഉൾപ്പെടെയുള്ള ടീ സ്റ്റാളുകളിൽ, സിവിൽ സ്റ്റേഷനിലെ സംഘടന പ്രതിനിധികൾ ഉൾപ്പെട്ട ആർ.ഡി.ഒയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി നിശ്ചയിച്ച നിരക്ക് കാറ്റിൽ പറത്തി തോന്നിയ നിരക്കിലാണ് വിവിധയിനം ഭക്ഷണയിനങ്ങൾക്ക് വില ഈടാക്കുന്നത്.
ഒരു സാധാരണ സർക്കാർ ജീവനക്കാരന് ഇപ്പോൾ ലഭിക്കേണ്ട ക്ഷാമബത്ത കുടിശികയും മറ്റാനുകൂല്യങ്ങളും ഉൾപ്പെടെ രണ്ടര ലക്ഷം മുതൽ 26 ലക്ഷം രൂപ വരെ സർക്കാർ കുടിശ്ശികയായി നൽകാൻ ബാക്കിയുള്ളപ്പോഴാണ് സർക്കാർ ജീവനക്കാരെ അധിക വില നൽകി പുറത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാൻ ജില്ലയിലെ ഭരണകർത്താക്കൾ നിർബന്ധിതരാക്കുന്നത്.
കേരള എൻജിഒ അസോസിയേഷൻ ജില്ലാ സെക്രട്ടറി ശ്രീ കെ ദിനേശൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ ഷാജീവ് കുമാർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ പി രജീഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം വി പ്രതീഷ്, ജില്ലാ ഭാരവാഹികളായ സന്തോഷ് കുനിയിൽ കെ പി അനീഷ് കുമാർ, സന്തോഷ് കുന്നത്ത് എ കെ അഖിൽ, യു എസ് വിശാൽ, പ്രദീപ് സായിവേൽ, യു ജി ജ്യോതിസ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ബ്രാഞ്ച് ഭാരവാഹികളായ രമേശൻ, പ്രഗില്‍, അനുരാഗ്, ബിന്ദു, ടെസ്സി വിൽഫ്രഡ്, ജയശ്രീ, സുബീഷ്, വൈശാഖ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.