തിരുവനന്തപുരം: താമരശ്ശേരി താലൂക്കിലെ പുതുപ്പാടി, ചെറുപ്ലാട്, നിലമ്പൂര്‍കാട് പ്രദേശങ്ങളിലെ പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ ക്രിയാത്മകമായ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. നിയമസഭയിൽ ലിന്റോ ജോസഫ് ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
പുതുപ്പാടിയിലെ പട്ടയ പ്രശ്നം പരിഹരിക്കുന്നതിനുളള നടപടികളുടെ ഭാഗമായി സമഗ്രമായ വിവര ശേഖരണത്തിന് വേണ്ടി താമരശ്ശേരി താലൂക്ക് ഓഫീസിലെയും, കോഴിക്കോട് ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫീസിലെയും കളക്ടറേറ്റിലെയും അംഗങ്ങളെ ഉള്‍പ്പെടുത്തി ഒരു പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
വിരമിച്ചവര്‍ ഉള്‍പ്പെടെയുള്ള സര്‍വെയര്‍മാരെയും മറ്റും ദിവസ വേതന അടിസ്ഥാനത്തില്‍ താത്ക്കാലികമായി നിയമിച്ചു പട്ടയപ്രശ്നം വേഗത്തില്‍ പരിഹരിക്കുവാനും നടപടി സ്വീകരിച്ചുവരുന്നു.
പുതുപ്പാടി വില്ലേജിലെ നിലമ്പൂര്‍ കാട് എന്ന പ്രദേശത്തെ 82 കൈവശക്കാര്‍ക്ക് കുടിയായ്മ ഉറപ്പ് വരുത്തി പട്ടയം സ്വീകരിക്കാവുന്നതാണെന്ന സ്പഷ്ടീകരണം ലഭ്യമായതിന്റെ അടിസ്ഥാനത്തില്‍ ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫീസില്‍ നിന്ന് നടപടികള്‍ ആരംഭിക്കുകയും 48 പട്ടയങ്ങള്‍ തയ്യറാക്കിയിട്ടുമുണ്ട്.
പുതുപ്പാടി വില്ലേജില്‍ പട്ടയപ്രശ്നം നിലനില്‍ക്കുന്ന ഭൂമിയിൽ നിന്നും ഭൂരിഭാഗം പേരും കൈവശം വച്ച് വരുന്നത് റീ സ 1/1 ലെ ഭൂമിയാണ്. വില്ലേജ് രേഖകള്‍ പ്രകാരം സര്‍വ്വെ നമ്പര്‍ 1/1 എന്നത് 44 ജന്മികള്‍ ഉള്ള, 7700 ഏക്കര്‍ ഒട്ടളവ് ഉള്ള സ്വകാര്യ ഭൂമിയാണ്. 7700 ഏക്കര്‍ ഭൂമിയില്‍ ഏതാണ്ട് പകുതിയോളം ഭൂമി നിക്ഷിപ്ത വന ഭൂമിയായി മാറി.
1971ലെ സ്വകാര്യ വനഭൂമി (നിക്ഷിപ്തമാക്കലും പതിച്ചു കൊടുക്കലും) നിയമപ്രകാരം പതിവ് ആവശ്യത്തിനായി 1978 ൽ തന്നെ കൈമാറ്റം ചെയ്യപ്പെട്ട (1980 ലെ കേന്ദ്ര വനസംരക്ഷണ നിയമം നിലവിൽ വരുന്നതിനു മുൻപ് തന്നെ) പ്രസ്തുത ഭൂമി സംബന്ധമായി, കേന്ദ്രാനുമതി തേടുകയും പകരം ഭൂമി വനവൽക്കരണത്തിനായി വിട്ടുകൊടുക്കുകയും ചെയ്യേണ്ടതുണ്ടെന്ന വനംവകുപ്പിന്റെ ആവശ്യം നിലനിൽക്കുന്നതല്ലെന്ന് റവന്യൂ മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ തീരുമാനം ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ശുപാര്‍ശ സര്‍ക്കാര്‍ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.