മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നവീകരണ പദ്ധതിയില്‍ പ്രവൃത്തി അവശേഷിക്കുന്ന മലാപ്പറമ്പ്-വെള്ളിമാടുകുന്ന് റീച്ചും നഗരറോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു.മലാപ്പറമ്പ്-വെള്ളിമാടുകുന്ന് റീച്ചില്‍ പ്രവൃത്തി നടത്തുവാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കേരള പൊതുമരാമത്ത് വകുപ്പിന് അനുമതി നല്‍കിയതായും മന്ത്രി പറഞ്ഞു.സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം പരിഗണിച്ചാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുമതി നല്‍കിയത്.
കോഴിക്കോട് നഗരറോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നാലുവരിയായി വികസിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. അതിനുള്ള സ്ഥലമേറ്റെടുക്കല്‍ ഉള്‍പ്പെടെ സംസ്ഥാനം പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു.എന്നാല്‍ NH -766 ഇൽ മലാപ്പറമ്പ്-മുത്തങ്ങ ദേശീയപാത വികസന പദ്ധതിയില്‍ ഉള്‍പ്പെട്ടതിനാല്‍ മലാപ്പറമ്പ്-വെള്ളിമാടുകുന്ന് ഭാഗത്ത് പ്രവൃത്തി നടത്തുവാന്‍ സംസ്ഥാന സര്‍ക്കാരിന് അനുമതി ലഭിച്ചിരുന്നില്ല. തുടര്‍ന്ന് അനുമതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രാലയത്തിന് കത്ത് നല്‍കുകയും നിരന്തരമായി ചര്‍ച്ചകള്‍ നടത്തി വരികയുമായിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയെ ഡല്‍ഹിയില്‍ സന്ദര്‍ശിച്ചപ്പോള്‍ ഈ വിഷയം നേരിട്ട് ശ്രദ്ധയില്‍പെടുത്തി.പരിശോധിച്ച് അനുമതി നല്‍കാമെന്ന് കേന്ദ്രമന്ത്രി അന്ന് ഉറപ്പുനല്‍കിയിരുന്നു.
8.34 കിലോമീറ്റര്‍ വരുന്ന മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡില്‍ മാനാഞ്ചിറ മുതല്‍ മലാപ്പറമ്പ് വരെയുള്ള 5.32 കിലോമീറ്റര്‍ പ്രവൃത്തി നടന്നുവരികയാണ്. 3 കിലോമീറ്ററിലധികം ദൂരമാണ് മലാപ്പറമ്പ്-വെള്ളിമാടുകുന്ന് റീച്ചില്‍ പ്രവൃത്തി നടത്താനുള്ളത്. മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നവീകരിക്കാന്‍ 482 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. സ്ഥലമേറ്റെടുക്കലിന് മാത്രമായി 344.5 കോടി രൂപയും അനുവദിച്ചു.റോഡ് നിര്‍മ്മാണത്തിന് 137.44 കോടി രൂപയാണ് മാറ്റിവച്ചത്.മലാപ്പറമ്പ് മുതല്‍ വെള്ളിമാടുകുന്ന് വരെയും സ്ഥലമേറ്റെടുത്തിട്ടുണ്ട്. പ്രവൃത്തിക്കുള്ള തുകയും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
പ്രവൃത്തിക്ക് കേന്ദ്രാനുമതി ലഭിച്ച സാഹചര്യത്തില്‍ മലാപ്പറമ്പ്-വെള്ളിമാടുകുന്ന് റീച്ചില്‍ പ്രവൃത്തി ആരംഭിക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങുവാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.തുടര്‍പ്രവര്‍ത്തനങ്ങളില്‍ തീരുമാനമെടുക്കുന്നതിന് വേണ്ടി ഉദ്യോഗസ്ഥരുടെ യോഗം ഉടന്‍ ചേരും.കോഴിക്കോടിന്റെ വികസന പദ്ധതികളില്‍ ഏറ്റവും സുപ്രധാനമായ ചുവടുവയ്പ്പായി മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നവീകരണം മാറുമെന്നും മന്ത്രി പറഞ്ഞു.







