ശബരിമല ശ്രീകോവിലിൻ്റെ കട്ടിളപ്പടികളും സ്വർണം പൂശുന്നതിനായി കൊണ്ടുപോയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡപ്യൂട്ടി കമ്മീഷണറും വിവാദകാലത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുമായ മുരാരി ബാബുവിന്റെ വെളിപ്പെടുത്തൽ. ചെമ്പെന്ന് രേഖപ്പെടുത്തിയാണ് കട്ടിളപ്പടികൾ കൊണ്ടുപോയത്. ലോഹം എന്താണോ അതാണ് രേഖകളിൽ എഴുതിയിരിക്കുന്നത്. അടിസ്‌ഥാന ലോഹത്തിൽ സ്വർണം പൂശാനാണ് പറഞ്ഞത്. അതുകൊണ്ടാണ് അങ്ങനെ എഴുതിയത്. താൻ ഒരു ഉദ്യോഗസ്‌ഥനാണ്. ഡിപ്പാർട്ട്‌മെന്റ് നടപടികൾ പൂർണമായി അനുസരിക്കുന്നുവെന്നും മുരാരി ബാബു പറഞ്ഞു.
വിജയ് മല്യ നൽകിയ സ്വർണം ചെമ്പാണെന്ന് 2019ൽ റിപ്പോർട്ട് നൽകിയതിനു മുരാരി ബാബുവിനെ ദേവസ്വം വകുപ്പ് സസ്പെൻഡ് ചെയ്തതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്നു മുരാരി ബാബു നിലവിൽ ഹരിപ്പാട് ഡപ്യൂട്ടി കമ്മിഷണറാണ്. 2025ൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയ്യിൽ സ്വർണപ്പാളി കൊടുത്തുവിട്ടതും മുരാരി ബാബുവാണ്.