തദ്ദേശ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 21 വരെ നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. ത്രിതല പഞ്ചായത്തുകളുടെ വാര്‍ഡ് സംവരണം നറുക്കെടുപ്പിലൂടെ നിശ്ചയിക്കുന്നതിനുള്ള ചുമതല ജില്ലാ കലക്ടര്‍മാര്‍ക്കാണ്. മുനിസിപ്പാലിറ്റികളിലെ നറുക്കെടുപ്പ് ചുമതല ജില്ലയിലെ തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്കും മുനിസിപ്പല്‍ കോര്‍പ്പറേഷനിലേത് തദ്ദേശ സ്വയംഭരണ വകുപ്പ് അര്‍ബന്‍ ഡയറക്ടര്‍ക്കുമാണ്.
വടകര, തൂണേരി, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളിലെ സംവരണ നറുക്കെടുപ്പ് ഒക്ടോബര്‍ 13നും മേലടി, തോടന്നൂര്‍, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലെ ഗ്രാമപഞ്ചായത്തുകളിലേത് ഒക്ടോബര്‍ 14നും ബാലുശ്ശേരി, ചേളന്നൂര്‍, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലെ ഗ്രാമപഞ്ചായത്തുകളിലേത് ഒക്ടോബര്‍ 15നും കുന്ദമംഗലം, കോഴിക്കോട്, പന്തലായനി ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലെ ഗ്രാമപഞ്ചായത്തുകളിലേത് ഒക്ടോബര്‍ 16നും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10ന് നടക്കും.
കൊയിലാണ്ടി, വടകര, പയ്യോളി, രാമനാട്ടുകര, കൊടുവള്ളി, മുക്കം, ഫറോക്ക് നഗരസഭകളിലെ നറുക്കെടുപ്പ് ഒക്ടോബര്‍ 16ന് രാവിലെ 10ന് ജില്ലാ ആസൂത്രണസമിതി ഹാളിലും ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ സീറ്റുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 18ന് രാവിലെ 10ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും നടക്കും.
കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കുള്ള സീറ്റുകളുടെ സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 21ന് രാവിലെ 10ന് കോഴിക്കോട് മാനാഞ്ചിറ ടൗണ്‍ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്തിലെ നറുക്കെടുപ്പ് ഒക്ടോബര്‍ 21ന് രാവിലെ 10ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് നടക്കുക.