സംസ്ഥാനത്ത് കോൾഡ്രിഫ് കഫ് സിറപ്പിന്റെ വിൽപ്പന തടയാൻ ഡ്രഗ് കൺട്രോളർ വകുപ്പിന്റെ പരിശോധനയും സാമ്പിൾ ശേഖരണവും ഇന്നും തുടരും. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 170 ബോട്ടിലുകൾ പിടിച്ചെടുത്തു. ആദ്യഘട്ടത്തിൽ 52 സാമ്പിളുകൾ പരിശോദനയ്ക്കായി അയച്ചിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിൽ കോൾഡ്രിഫ് ഉൾപ്പെടെയുള്ള കഫ് സിറപ്പുകൾ കഴിച്ച് കുട്ടികൾ മരണമടഞ്ഞ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി ശക്തമാക്കിയത്. രണ്ട് വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് കഫ് സിറപ്പ് നൽകരുതെന്ന കർശന നിർദ്ദേശം ഡ്രഗ് കൺട്രോളർ പുറപ്പെടുവിച്ചു.ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പ് വിൽക്കരുതെന്ന് മെഡിക്കൽ സ്റ്റോറുകൾക്കും ഫാർമസിസ്റ്റുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.
രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചുമയ്ക്കോ ജലദോഷത്തിനോ മരുന്നുകൾ നിർദേശിക്കരുതെന്നും, ഒന്നിലധികം മരുന്ന് ചേരുവകൾ അടങ്ങിയ സംയുക്ത ഫോർമുലേഷനുകൾ ഒഴിവാക്കണം എന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.മരുന്ന് കുറിപ്പടിയില്ലാതെ വിൽപ്പന നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് സമഗ്രമായ നിരീക്ഷണം തുടരുമെന്നും ഉറപ്പാക്കി.