സംസ്ഥാനത്ത് രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്കായി ചുമമരുന്ന് നൽകരുത് എന്നതടക്കം ഇവയുടെ വിൽപനക്ക് കർശന നിയന്ത്രണമേർപ്പെടുത്തി ഡ്രഗ്സ് കൺട്രോളറുടെ സർക്കുലർ. രണ്ട് വയസിന് മുകളിലുള്ള കുട്ടികൾക്ക് ചുമമരുന്ന് വിൽക്കണമെങ്കിൽ കുറിപ്പടി നിർബന്ധവുമാക്കി. കേന്ദ്ര നിർദ്ദേശപ്രകാരമാണ് മെഡിക്കൽ സ്റ്റോറുകൾക്കായി സർക്കുലർ പുറപ്പെടുവിച്ചത്. ഇതോടൊപ്പം സംസ്ഥാനത്ത് വില്പന നടത്തുന്ന എല്ലാ ചുമമരുന്നുകളിലും ഡ്രഗ്സ് കൺട്രോൾ വിഭാഗം നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ഡോക്ടറുടെ കുറിപ്പടിയുമായി എത്തിയാലും മരുന്ന് നൽകില്ല. അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇത്തരം മരുന്നുകൾ നൽകേണ്ടി വന്നാൽ ഡോസിലും കാലയളവിലും കൃത്യമായ നിർദ്ദേശം നൽകണമെന്നും സർക്കുലറിലുണ്ട്. അംഗീകൃത നിർമാതാക്കളുടെ മരുന്ന് മാത്രമേ വിൽക്കാവൂ. കുറിപ്പടികളില്ലാതെ മരുന്നുകൾ വിറ്റാൽ കർശന നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുമുണ്ട്.
രണ്ടു വയസിൽ താഴെയുള്ള കുട്ടികളിൽ മരുന്നിന് പകരം വെള്ളം ധാരാളം നൽകി വിശ്രമം ഉറപ്പാക്കണമെന്നാണ് കേന്ദ്രനിർദേശം. തേനും ഇഞ്ചിയും കലർത്തി നൽകുന്നത് ഉൾപ്പെടെയുള്ള പരമ്പരാഗത മാർഗങ്ങൾ സ്വീകരിക്കണമെന്നും നിർദ്ദേശത്തിലുണ്ട്.
ഇതിനിടെ മധ്യപ്രദേശിൽ കുട്ടികളുടെ മരണകാരണമായതെന്ന പരാതിക്ക് ഇടയാക്കിയ കോൾഡ്രിഫ് സിറപ്പിന്റെ സാമ്പിളുകൾ ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധനയ്ക്കായി ശേഖരിച്ചു. കോഴിക്കോട്, മലപ്പുറം, കണ്ണൂർ മേഖലകളിൽ നിനനായി 170 ബോട്ടിലുകളാണ് ശേഖരിച്ചത്. അപകടമുണ്ടാക്കിയതായി കരുതുന്ന എസ്.ആർ 13ബാച്ച് കേരളത്തിൽ വില്പനയ്ക്ക് എത്തിച്ചിട്ടില്ലെന്നാണ് ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ വിലയിരുത്തൽ. കോൾഡ്രിഫിന്റെ വില്പന പൂർണമായി സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്. ഇതിന്റെ ഒരു ബാച്ചും ഇനി വില്ക്കാനോ പുതിയ സ്റ്റോക്കെടുക്കാനോ പാടില്ല. ഈ കഫ് സിറപ്പിന്റെ വിൽപന തടയാനായി ആശുപത്രി ഫാർമസികളിലും മെഡിക്കൽ സ്റ്റോറുകളിലും നടത്തുന്ന പരിശോധനയും തുടരും.
കേരളത്തിൽ നിർമിക്കുന്ന അഞ്ച് ബ്രാൻഡുകളുടെയും സാമ്പിളുകൾ വകുപ്പിന്റെ വിവിധ ലാബുകളിൽ ഇത് പരിശോധിച്ച് സുരക്ഷ ഉറപ്പാക്കും. അനുവദനീയമായതിലും അധികം ഡൈ എത്തിലീൻ ഗ്ലൈക്കോൾ സിറപ്പിലുണ്ടോ എന്നാണ് പരിശോധിക്കുന്നത്.