മണിയൂർ ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ‘ഉയരെ’ അഞ്ചാം വർഷത്തിലേക്ക്. പ്രീ- സ്കൂൾ മുതൽ സെക്കൻഡറി തലം വരെയും പൊതുജന വിദ്യാഭ്യാസരംഗത്തും നൂതനവും സമഗ്രവുമായ നിരവധി പരിപാടികൾ ആവിഷ്കരിച്ചാണ് പദ്ധതി മുന്നോട്ടുപോകുന്നത്. വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്തുക, അധ്യാപകരെ ശാക്തീകരിക്കുക, പ്രതിഭാധനരായ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനങ്ങൾ നൽകുക തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ പദ്ധതിയുടെ ഭാഗമായി നടക്കുന്നുണ്ട്.
അഞ്ചാം വാർഷികാഘോഷവും പദ്ധതിയിലെ പ്രധാന പരിപാടികളിൽ ഒന്നായ പ്രതിഭാപോഷണ പരിപാടിയിലെ അഞ്ചാം ബാച്ചിൻ്റെ ഉദ്ഘാടനവും മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിർവഹിച്ചു. മണിയൂർ ഡി.എച്ച്.എം ടിടിഐയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷ്റഫ് അധ്യക്ഷനായി. കോഴ്സ് കോഓഡിനേറ്റർ വി പി ബ്രിജേഷ് പദ്ധതി വിശദീകരിച്ചു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലീന, വാർഡ് മെമ്പർ പ്രമോദ് മൂഴിക്കൽ എന്നിവർ സംസാരിച്ചു. ഉയരെ കോഡിനേറ്റർ വി ലിനീഷ് സ്വാഗതവും കെ ശ്രീനിവാസൻ നന്ദിയും പറഞ്ഞു.