കോഴിക്കോട് ബീച്ച് ആശുപത്രിയിലെ അമ്മത്തൊട്ടിലില്‍ വെള്ളിയാഴ്ച രണ്ടാമത്തെ കുഞ്ഞെത്തി. ഇന്നലെ വൈകീട്ടാണ് 20 ദിവസത്തോളം പ്രായമുള്ള ആണ്‍കുഞ്ഞിനെ ലഭിച്ചത്. കുഞ്ഞിന് ഹോര്‍ത്തൂസ് എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി അറിയിച്ചു.
കഴിഞ്ഞ ദിവസം ബീച്ച് ആശുപത്രിയില്‍ സ്ഥാപിച്ച അമ്മത്തൊട്ടിലില്‍ ആണ്‍കുട്ടിയെ ലഭിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ ആദ്യത്തെയും സംസ്ഥാനത്തെ ഏഴാമത്തെയും അമ്മത്തൊട്ടിലാണ് ബീച്ച് ആശുപത്രിയിലേത്.
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലുകളില്‍ കഴിഞ്ഞ ഏഴ് ദിവസത്തിനിടെ എട്ട് കുരുന്നുകളാണ് എത്തിയത്. ഈ വര്‍ഷം ആകെ 23 കുട്ടികളെയാണ് കിട്ടിയത്. പല കാരണങ്ങളാല്‍ കുട്ടികളെ ഉപേക്ഷിക്കാന്‍ നിര്‍ബദ്ധിതരാകുന്നതോടെ കുഞ്ഞുങ്ങളുടെ സംരക്ഷണവും പരിചരണവും ശിശുക്ഷേമ സമിതി പൂര്‍ണമായും ഏറ്റെടുക്കുമെന്ന് ഉത്തമ ബോധ്യമുള്ളതു കൊണ്ടാണ് അമ്മത്തൊട്ടിലുകളില്‍ കുരുന്നുകളുടെ വരവ് വര്‍ദ്ധിക്കുന്നതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.